ന്യൂയോര്‍ക്ക്- മൂത്രമൊഴിക്കുന്നതിനിടെ പോക്കറ്റില്‍ കിടന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി യുവാവിന് പരിക്ക്. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍ സബ്‌വേ സ്‌റ്റേഷനിലാണ് സംഭവം. ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം 39കാരന്റെ കാലിലാണ് വെടിയേറ്റത്. ലോഡ് ചെയ്ത പിസ്റ്റള്‍ ഇയാള്‍ പോക്കറ്റിലാണ് സൂക്ഷിച്ചിരുന്നത്. സ്‌റ്റേഷനകത്താണ് നാടകീയ സംഭവങ്ങള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം. വെടി പൊട്ടിയ ഉടന്‍ ഇയാള്‍ തോക്ക് സമീപത്തുണ്ടായിരുന്ന സുഹൃത്തിന് കൈമാറി. തോക്കുമായി ഇയാള്‍ ഉടന്‍ തന്നെ സ്ഥലം വിടുകയും ചെയ്തിരുന്നെന്നാണ് റിപ്പോര്‍ട്ട്. 39കാരന്റെ വലതുകാലിനാണ് വെടിയേറ്റത്.
സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവര്‍ തങ്ങള്‍ വെടിയൊച്ച കേട്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം സ്ഥിരീകരിക്കുന്നത്. ദൃശ്യങ്ങളില്‍ കുറച്ച് പേര്‍ നിന്ന് സംസാരിക്കുന്നത് അല്‍പ്പസമയത്തിന് ശേഷം മറ്റൊരാള്‍ സ്ഥലത്ത് നിന്ന് പോകുന്നതും വ്യക്തമാണ്. പോക്കറ്റില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടിയ ആള്‍ സ്ഥലംവിട്ടയാള്‍ക്കാകാം തോക്ക് കൈമാറിയതെന്നാണ് സംശയിക്കുന്നത്.
വെടിയേറ്റയാളെ ഉടന്‍ തന്നെ ബെല്ലി വ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ നിലവില്‍ ഇവിടെ ചികില്‍സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വെടിയേറ്റയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ടൈംസ് സ്‌ക്വയര്‍ സബ്‌വേ സ്‌റ്റേഷനില്‍ കഴിഞ്ഞദിവസം നടന്ന രണ്ടാമത്തെ നാടകീയ സംഭവമായിരുന്നു മൂത്രമൊഴിക്കുന്നതിനിടെയുള്ള വെടിവെയ്പ്പ്. ലെന്നി ജാവിയര്‍ എന്ന സ്ത്രീ ട്രെയിനിനു സമീപത്തേക്ക് വീണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത് നേരത്തെ ചര്‍ച്ചയായിരുന്നു.