മുംബൈ- രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ബെനിന്‍ തീരത്തിനടുത്ത് വ്യാഴാഴ്ച കാണാതായ ചരക്കു കപ്പലിനെ കുറിച്ച് ഒരു വിവരവുമില്ല. പനാമ പതാകയുള്ള എം ടി മറൈന്‍ എക്സ്പ്രസ് എന്ന എണ്ണ ടാങ്കര്‍ കപ്പലാണ് കാണാതായത്. തെരച്ചില്‍ നടത്താനായി ഈ കപ്പലിന്റെ ഉടമസ്ഥര്‍ തങ്ങളുടെ നൈജീരിയയിലേയും ബെനിനിലേയും പങ്കാളികളുമായി ബന്ധപ്പെടാന്‍ മുംബൈയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ സഹായം തേടിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിനാണ് ഈ കപ്പലുമായുള്ള ബന്ധം നഷ്ടമായതെന്ന് ഉടമകള്‍ പറയുന്നു.
കാസര്‍കോട് ജില്ലയിലെ ഉദുമ സ്വദേശി ഉണ്ണി (25)യും കോഴിക്കോട് സ്വദേശിയായമറ്റൊരു യുവാവുമാണ് കപ്പലിലുള്ള മലയാളി ജീവനക്കാരെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
നൈജീരിയന്‍ അധികൃതര്‍ക്കും അവിടുത്തെ കോസ്റ്റ് ഗാര്‍ഡിനും മുംബൈയില്‍നിന്ന് വിവരം കൈമാറിയിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ജനറലിന്റെ ചുമതല വഹിക്കുന്ന ചീഫ് സര്‍വേയര്‍ ബി ആര്‍ ശേഖര്‍ പറഞ്ഞു. ശനിയാഴ്ച വരെ ഒരു വിവരും ലഭിച്ചിട്ടില്ല. കപ്പലിന്റെ ഉടമകളും ജോലിക്കാരെ നല്‍കിയ മുംബൈയിലെ ഏജന്റുമാണ് കപ്പല്‍ കാണാതായ വിവരം അറിയിച്ചതെന്ന് ശേഖര്‍ പറഞ്ഞു.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നാണ് കപ്പല്‍കാണാതായത്. കടല്‍ കൊള്ള സാധ്യത ഏറെയുള്ള പ്രദേശമാണിത്. ടാങ്കര്‍ കപ്പല്‍ ശ്രദ്ധയില്‍പ്പെട്ടാന്‍ ഉടന്‍ ഇന്‍ര്‍നാഷണല്‍ മാരിടൈം ബ്യൂറോ, ലണ്ടനിലെ ആന്റി പൈറസി സെന്റര്‍ എന്നിവരെ വിവരം അറിയിക്കണമെന്ന് എല്ലാ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും നൈജീരിയന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കപ്പലിലെ 22 ജീവനക്കാരുടെ ജീവനാണ് മുന്തിയ പരിഗണനയെന്നും ഇവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കപ്പല്‍ ഉടമസ്ഥരായ കമ്പനി അറിയിച്ചു. 13,500 ടണ്‍ ഇന്ധനമാണ് കപ്പലിലുള്ളത്.