ഫെയ്‌സ് ബുക്ക് മേധാവി സക്കർ ബർഗിന്റെ ചിത്രത്തിൽ ഫെയ്‌സ് ബുക്ക് ഡിലീറ്റ് ചെയ്യണമോയെന്ന എന്ന വാക്യം ചേർത്തുകൊണ്ട് ലോക പ്രശസ്തമായ ടൈം മാഗസിൻ കവർ ചിത്രം പ്രസിദ്ധീകരിച്ചു. ഫെയ്‌സ് ബുക്കിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ ഇത്തരമൊരു മുഖ ചിത്രം പ്രസിദ്ധീരിച്ച നടപടി വിവാദമാകാൻ സാധ്യതയുണ്ട്.
ഫെയ്‌സ്ബുക്കിലെ മുൻ ജീവനക്കാരിയ ഫ്രാൻസെസ് ഹൗഗൻ കഴിഞ്ഞ ദിവസം ഫെയ്‌സ് ബുക്കിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരുന്നു. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വിലകൽപിക്കാതെ സാമ്പത്തിക ലാഭത്തിനാണ് ഫെയ്‌സ്ബുക്ക് പ്രാധാന്യം നൽകുന്നതെന്ന് ഹൗഗൻ പറഞ്ഞിരുന്നു.
കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യത്തെ വിപരീതമായി ബാധിക്കുന്ന രീതിയിലാണ് ഫെയ്‌സ് ബുക്കിന്റെ ഉള്ളടക്കമെന്നും ഈ പ്ലാറ്റ് ഫോം ആഗോള തലത്തിൽ കലാപങ്ങൾക്കും ആക്രമങ്ങൾക്കും ഇടയാക്കും വിധം ജനങ്ങളിൽ ക്രോധം വളർത്തുന്നുണ്ടെന്നും അക്കാര്യം ഫെയ്‌സ്ബുക്കിന് അറിയാമായിരുന്നുവെന്നും ഹൗഗൻ വെളിപ്പെടുത്തിയിരുന്നു. ജോലി ചെയ്തിരുന്ന സമയത്ത് രഹസ്യമായി കൈക്കലാക്കിയ ഫെയ്‌സ്ബുക്കിന്റെ തന്നെ ആഭ്യന്തര ഗവേഷണ രേഖകളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യങ്ങൾ ഹൗഗൻ പറഞ്ഞിട്ടുള്ളത്.
അതിന് പിന്നാലെയാണ് ഫെയ്‌സ് ബുക്കിനെതിരെ ടൈം മാഗസിന്റെ കവർ ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഫെയ്‌സ്ബുക്കിന്റെ സിവിൽ ഇന്റഗ്രിറ്റി ടീമിനെ എങ്ങനെയാണ് ഫെയ്‌സ്ബുക്ക് ഇല്ലാതാക്കിയത് എന്നത് സംബന്ധിച്ച് ടൈം മാഗസിനിൽ ബില്ലി പെരിഗോ ലേഖനവും എഴുതിയിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചുള്ള പൊതു ചർച്ച വേണ്ടതിന്റെ ആവശ്യകതയും ബില്ലി പെരിഗോയുടെ ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.
ലാഭത്തിന് വേണ്ടി ജനങ്ങളിൽ ക്രോധം വളർത്തുന്ന ഉള്ളടക്കങ്ങൾ ഫെയ്‌സ് ബുക്ക് പുറത്ത് വിടുന്നുണ്ടെന്ന ആരോപണം യുക്തിരഹിതമാണെന്നാണ് സക്കർബർഗ് പറയുന്നത്.