ന്യൂദല്‍ഹി- നാല് കര്‍ഷകരുള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ട ലഖിംപൂര്‍ ഖേരി സംഭവത്തില്‍ യു.പി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്ന് സുപ്രീം കോടതി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ ചേര്‍ത്തവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതി ചോദിച്ചു.
ലഖിംപൂര്‍ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ യുപി സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ കുറ്റക്കാര്‍ ആരാണെന്നും ഇതുവരെ എത്ര പേരെ അറസ്റ്റ് ചെയ്തുവെന്നും കോടതി ചോദിച്ചു.
അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ ലവ്പ്രീതിന്റെ മാതാവിന് തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഉടന്‍ വൈദ്യസഹായം ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. മകന്റെ മരണത്തെത്തുടര്‍ന്ന് ലവ്പ്രീത് സിംഗിന്റെ അമ്മയ്ക്ക് കടുത്ത മാനസികാഘാതം ഉണ്ടായിരുന്നു. വെര്‍ച്വല്‍ വാദത്തിനിടെ ലവ്പ്രീതിന്റെ മാതാവിന് സുഖമില്ല എന്നു ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ അമൃത്പാല്‍ സിംഗ് ഖല്‍സ അയച്ച സന്ദേശം ചീഫ് ജസ്റ്റിസ് വായിക്കുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംഭവത്തില്‍ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ കത്തയച്ചിരുന്നു. ഇതില്‍ ഒരു അഭിഭാഷകനായ ശിവ്കുമാര്‍ ത്രിപാഠിയുടെ വാദം ഇന്നലെ കേട്ടു. ജനാപധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ യു.പി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ത്രിപാഠി കുറ്റപ്പെടുത്തി.