ബെംഗളുരു- അര്‍ദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞ ഭര്‍തൃമതിയായ യുവതിയെ പ്രതി ജീവനോടെ തീയിട്ടു കൊന്നു. കര്‍ണാടകയിലെ യഗ്ദിര്‍ ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി പിന്നീട് മരിച്ചു. പ്രതി ഗംഗപ്പ ബസപ്പ എന്നയാളേയും സഹായിച്ച രണ്ടു പേരേയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവം വിശദീകരിക്കുന്ന യുവതിയുടെ മരണമൊഴി വിഡിയോയും പുറത്തു വന്നിരുന്നു. വീട്ടില്‍ അതിക്രമിച്ച് കടന്ന പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിച്ചെന്നും പിന്നീട് പുറത്തു പോയ പ്രതി പെട്രോള്‍ വാങ്ങി തിരിച്ചെത്തി തന്റെ മേലൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും യുവതി വിഡിയോയില്‍ പറഞ്ഞിരുന്നു.
പ്രതി ഗംഗപ്പ ഒരു വര്‍ഷത്തോളമായി യുവതിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയിരുന്നതായി സഹോദരി ആരോപിച്ചു. ഏഴു വര്‍ഷം മുമ്പ് വിവാഹിതയായിരുന്നു യുവതി. പാടത്തു പോകുമ്പോഴും ടോയ്‌ലെറ്റില്‍ പോകുമ്പോഴും വരെ ഇയാള്‍ പിന്തുടര്‍ന്നിരുന്നുവെന്നും ഈ ശല്യം അവസാനിപ്പിക്കാന്‍ ഗ്രാമത്തലവനോട് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും സഹോദരി പറഞ്ഞു. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ യുവതിക്കും പ്രതിക്കുമിടയില്‍ പഞ്ചായത്ത് ഒത്തു തീര്‍പ്പുണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. പോലീസില്‍ പരാതി നല്‍കരുതെന്നായിരുന്നു ഒത്തുതീര്‍പ്പെന്നും പോലീസ് പറഞ്ഞു. നേരത്തെ തന്നെ ഈ വിവരം ലഭിച്ചിരുന്നെങ്കിലും പ്രതിയെ പോലീസ് പിടികൂടുമായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ഡോ. സിബി വേദമൂര്‍ത്തി പറഞ്ഞു.