തിരുവനന്തപുരം : തീപിടിച്ചാൽ വെള്ളം ഒഴിച്ച് കെടുത്തലും വെള്ളത്തിൽ മുങ്ങുന്നവരെ രക്ഷിക്കലുമാണ് പ്രധാന പണിയെങ്കിലും നാട്ടുകാർക്ക് ഇപ്പോൾ എന്തിനും ഏതിനും ഫയർ ഫോഴ്‌സ് തന്നെ വേണം. കുഞ്ഞിന്റെ കൈയിൽ കുടുങ്ങിപ്പോയ ഇഡ്ഡലി തട്ട് മാറ്റാനും അപകടം പറ്റി നീരുവന്ന് വീർത്ത വിരലിൽ നിന്ന് മോതിരം ഊരാനും ഇന്നലെ തിരുവനന്തപുരത്തുകാർ ആശ്രയിച്ചത് ഫയർ ഫോഴ്‌സിനെയാണ്.
നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷന് സമീപം തിരുവാതിരയിൽ അരവിന്ദാക്ഷന്റെ രണ്ടു വയസുകാരനായ മകൻ ഗൗതമിന്റെ കൈവിരലിലാണ് കളിക്കുന്നതിനിടെ ഇഡ്ഡലി തട്ട് കുടുങ്ങിയത്. വീട്ടുകാരും നാട്ടുകാരം എണ്ണയും സോപ്പുമിട്ടും എല്ലാ പണിയും നോക്കിയിട്ടും രക്ഷയുണ്ടായിരുന്നില്ല. ഒടുവിൽ നെയ്യാറ്റിൻകരയിൽ നിന്ന് സീനിയർ ഫയർ ഫോഴ്‌സ് ഓഫീസർ വിനു ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് രാത്രി വൈകി ഇഡ്ഡലി തട്ട് ഊരിയെടുത്തത്.
ബൈക്ക് അപകടത്തെ തുടർന്ന് ആറ്റിങ്ങൽ അയിലം മേലേവിള വീട്ടിൽ മുഹമ്മദ് അൽത്താഫിന്റെ (22) കൈവിരലിൽ പൊട്ടലുണ്ടായതിനാൽ വിരലിൽ നീരുവെയ്ക്കുകയും മോതിരം വിരലിൽ കുടുങ്ങിപ്പോകുകയുമായിരുന്നു. വിരലിൽ പ്ലാസ്റ്റർ ഇടുന്നതിന് മോതിരം ഊരാൻ ഡോക്ടർമാർ പഠിച്ച പണി പതിെനട്ടും നോക്കിയെങ്കിലും നടന്നില്ല. ഒടുവിൽ ആറ്റിങ്ങൾ ഫയർ ഫോഴ്‌സ് ഓഫീസർ ജെ.ജിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മോതിരം വിരലിൽ നിന്ന് മുറിച്ചു മാറ്റുകയായിരുന്നു.