അംബാല- യുപിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അരുണ്‍ മിശ്രയുടെ മകന്‍ കാറിപ്പിച്ച് നാലു കര്‍ഷകര്‍ ഉള്‍പ്പെടെ ഏട്ടു പേരെ കൊന്ന സംഭവത്തിനു പിന്നാലെ ഹരിയാനയില്‍ ബിജെപി എംപിയുടെ കാര്‍ സമരക്കാരെ ഇടിച്ചെന്ന് ആരോപിച്ച് കര്‍ഷകര്‍ രംഗത്ത്. കുരുക്ഷേത്ര എംപിയായ നയാബ് സൈനിയുടെ കാറാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകസമരക്കാരുടെ കൂട്ടത്തിലേക്ക് ഇടിച്ചു കയറിയതെന്നും സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റെന്നും കര്‍ഷകര്‍ പറയുന്നു. ഇദ്ദേഹത്തെ നാരയണ്‍ഗഢ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രേവശിപ്പിച്ചു.
അംബാലയിലെ നാരായണ്‍ഗഢിലാണ് സംഭവം. ഇവിടെ സൈനി ഭവനില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എംപി. സംസ്ഥാന മന്ത്രി മൂല്‍ ചന്ദ് ശര്‍മയും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. വേദിക്കു പുറത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ ഒത്തുകൂടിയിരുന്നു. പരിപാടി കഴിഞ്ഞ പുറത്തിറങ്ങിയ കാറാണ് ഒരു കര്‍ഷകനെ ഇടിച്ചത്.