Sorry, you need to enable JavaScript to visit this website.

വൈകാതെ ഇടുക്കിയില്‍ നിന്നും വിമാനത്തില്‍ പറക്കാം 

തിരുവനന്തപുരം-ഇടുക്കി ജില്ലയില്‍ ആദ്യമായി വിമാനം പറന്നിറങ്ങുമ്പോള്‍ പൊതുമരാമത്ത് വകുപ്പിന് അഭിമാനിക്കാന്‍ ഏറെയുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എന്‍സിസിയുടെ രാജ്യത്തെ ഏക എയര്‍സ്ട്രിപ്പ് പീരുമേട് മഞ്ഞുമലയില്‍ പൂര്‍ത്തിയാകുന്ന വിവരം പങ്കുവെച്ചുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വാക്കുകള്‍.രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയര്‍ സ്ട്രിപ്പാണ് ഇടുക്കിയില്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പ് നിര്‍മ്മാണമാണ് മഞ്ഞുമലയില്‍ പൂര്‍ത്തിയായി വരുന്നത്. ഇടുക്കിയുടെ ടൂറിസം മേഖലയ്ക്ക് കൂടി പ്രതീക്ഷയേകുന്നതാണ് എയര്‍സ്ട്രിപ്പ് നിര്‍മ്മാണമെന്നും മന്ത്രി പറഞ്ഞു.

പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇടുക്കി ജില്ലയില്‍ ആദ്യമായി വിമാനം പറന്നിറങ്ങുമ്പോള്‍ അതില്‍ പൊതുമരാമത്ത് വകുപ്പിന് അഭിമാനിക്കാന്‍ ഏറെയുണ്ട്.
എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് ഇടുക്കി പീരുമേടിലെ മഞ്ഞുമലയില്‍ പൂര്‍ത്തിയായി വരികയാണ്. പൊതുമരാമത്ത് വകുപ്പാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയതും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതും. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണിയുന്ന എയര്‍ സ്ട്രിപ്പ് കൂടിയാണ് ഇടുക്കിയില്‍ ഒരുങ്ങുന്നത്. പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പാണിത്. എന്‍സിസി കേഡറ്റുകളുടെ പരിശീലനം, താമസ സൗകര്യം, ക്യാമ്പ് തുടങ്ങിയവയാണ് ഇവിടെ ഉണ്ടാവുക.
അടിയന്തര സാഹചര്യങ്ങളില്‍ മലയോര മേഖലയ്ക്ക് ആശ്രയമേകാനും എയര്‍ സ്ട്രിപ്പ് വഴി സാധിക്കും. എയര്‍ഫോഴ്‌സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും.
രാജ്യത്തെ ഏക എന്‍സിസി എയര്‍ സ്ട്രിപ്പ് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അത് ഇടുക്കിയുടെ ടൂറിസം മേഖലയ്ക്ക് കൂടി പ്രതീക്ഷയേകുന്നതാണ്. കേരളത്തിന് അഭിമാനിക്കാവുന്ന ഒരു പദ്ധതിയാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്. എയര്‍ സ്ട്രിപ്പ് രൂപകല്പന ചെയ്ത് നിര്‍മ്മാണ പ്രവൃത്തി നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നു.

Latest News