പാക്കിസ്ഥാനില്‍ ഭൂകമ്പം, 20 മരണം, 300 പേര്‍ക്ക് പരിക്ക്

ക്വറ്റ- പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ ശക്തിയേറിയ ഭൂകമ്പത്തില്‍ 20ഓളം പേര്‍ കൊല്ലപ്പെട്ടു. ഉറങ്ങിക്കിടക്കുന്നവരാണ് മരിച്ചവരിലേറേയും. 300ഓളം പേര്‍ക്ക് പരിക്കേറ്റു. ഭൂകമ്പമുണ്ടായ മേഖലയിലെ കല്‍ക്കരി ഖനികളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും റിപോര്‍ട്ടുണ്ട്. 5.7 തീവ്രത രേഖപ്പെടുത്തി ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം വിദൂര പര്‍വത മേഖലയില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ജില്ലയായ ഹര്‍നായി ആണ്. ഇവിടെ എത്താന്‍ നല്ല റോഡുകള്‍ ഇല്ലാത്തും വൈദ്യുതി ബന്ധം മുറിഞ്ഞു പോയതും രക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും ആറു കുട്ടികളും ഉള്‍പ്പെട്ടതായി ഹര്‍നായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണല്‍ സുഹൈല്‍ അന്‍വര്‍ ഹാശിമി പറഞ്ഞു. 15ഓളം ഖനി തൊഴിലാളികള്‍ ഭൂഗര്‍ഭ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നതായും അദ്ദേഹം പറഞ്ഞു.

ക്വറ്റ, സിബ്ബി, പിഷിന്‍, മുസ് ലിം ബാഗ്, സിയാറത്ത്, ഖില അബ്ദുല്ല, സഞ്ജാവി, സോബ്, ചമന്‍ എന്നിവടിങ്ങളിലും ഭൂമിക്കുലുക്കം അനുഭവപ്പെട്ടു. പര്‍വത മേഖലയില്‍ മണ്ണിടിച്ചിലും ഉണ്ടായതായി ദുരന്ത നിവാരണ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ നസീര്‍ അഹ്‌മദ് നാസിര്‍ പറഞ്ഞു. ഹര്‍നായിക്ക് 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള നിരവധി വീടുകള്‍ തകര്‍ന്നതായും അദ്ദേഹം അറിയിച്ചു.
 

Latest News