ന്യൂദല്‍ഹി- ഇല്ലാത്ത ആസ്തി പെരുപ്പിച്ച് കാണിച്ച് യുഎഇയിലും ഇന്ത്യയിലുമായി കോടികളുടെ വായ്പാ വെട്ടിപ്പ് നടത്തി കുരുക്കിലായ പ്രമുഖ പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ രഹസ്യ വിദേശ ഇടപാടുകളും പണ്ടോറ രേഖകളിലൂടെ പുറത്തു വന്നു. നികുതി വെട്ടിപ്പുകാരുടേയും രഹസ്യ നിക്ഷേപകരുടേയും ഇഷ്ട കേന്ദ്രങ്ങളായ ജേഴ്‌സി, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ് എന്നീ ദ്വീപുരാജ്യങ്ങളിലായി നിരവധി വിദേശ കമ്പനികളുടെ ഒരു ശൃംഖല തന്നെ ബി ആര്‍ ഷെട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായാണ് പണ്ടോറ രേഖകളില്‍ വ്യക്തമായത്. ഈ കമ്പനികള്‍ക്കെല്ലാം ബ്രിട്ടന്‍ ആസ്ഥാനമായി ഷെട്ടിയുടെ കമ്പനിയായ ട്രാവലെക്‌സ് ഹോള്‍ഡിങ്‌സില്‍ ഓഹരി പങ്കാളിത്തവുമുണ്ട്. ഇവയിലേറെയും തുടങ്ങിയിരിക്കുന്നത് 2013ലാണ്.
2017 ഒക്ടോബര്‍ വരെയുള്ള രഹസ്യ വിവരങ്ങള്‍ അനുസരിച്ച് ട്രാവലെക്‌സിന് സ്വിറ്റ്‌സര്‍ലന്‍ഡ്, പാനമ, ബ്രസീല്‍, ചൈന, ജപാന്‍, യുഎസ്, യുകെ എന്നിവിടങ്ങളിലായി 81 മറ്റു കമ്പനികള്‍ കൂടിയുണ്ട്. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ ഷെട്ടി ഡയറക്ടറായി 2013ല്‍ ബ്രേവ് സിറ്റി ഇന്റര്‍നാഷനല്‍ എന്ന കമ്പനി സ്ഥാപിച്ചതായും ട്രിഡന്‍ട് ട്രസ്റ്റില്‍ നിന്നും ലഭിച്ച രഹസ്യ രേഖകളില്‍ പറയുന്നു. ഈ കമ്പനിയുടെ ഓഹരി ഉടമകള്‍ ഷെട്ടിയുടെ ഭാര്യയും മകനും സഹോദരനുമാണ്. ഈ കമ്പനി വഴിയുള്ള എല്ലാവിധ പണ ഇടപാടുകളുടേയും പൂര്‍ണ നിയന്ത്രണാധികാരവും ഭരണവും ഷെട്ടിക്കായിരുന്നു.
ഷെട്ടിയുടെ യുഎഇയിലെ കമ്പനികള്‍ സംശയത്തിന്റെ നിഴലിലായതിനു പിന്നാലെയാണ് രോഗിയായ സഹോദരനെ സന്ദര്‍ശിക്കാന്‍ ഷെട്ടി യുഎഇ വിട്ട് ഇന്ത്യയിലെത്തിയത്. ഷെട്ടി ഇവിടെ എത്തിയതോടെ ഇന്ത്യയിലെ ബാങ്കുകളും ഷെട്ടിക്കെതിരെ കോടതിയെ സമീപിച്ച് പുറത്തു പോകുന്നത് തടയുകയായിരുന്നു. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ഷെട്ടിയുടെ ജാമ്യത്തില്‍ എടുത്ത 2800 കോടിയിലേറെ രൂപ തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ബാങ്കുകളുടെ നടപടി. ഇതിനിടെ കഴിഞ്ഞ വർഷം യുഎഇയിലേക്ക് തിരിച്ചുപോകാൻ ശ്രമിച്ച ഷെട്ടിയെ ബെംഗളുരു എയർപോർട്ടിൽ തടഞ്ഞിരുന്നു. ഷെട്ടിക്കെതിരെ യാത്രാവിലക്ക് ഇപ്പോഴും നിലവിലുണ്ട്. ഷെട്ടി തന്റെ എല്ലാ ആസ്തികളും വെളിപ്പെടുത്തിയിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കേസ് പരിഗണിക്കവെ കര്‍ണാകട ഹൈക്കോടതി ഇക്കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞിരുന്നു. ഈ ആസ്തികള്‍ വെളിപ്പെടുത്താതിരിക്കുകയും കോടതിയില്‍ കേസ് തീര്‍പ്പാകാന്‍ എടുക്കുന്ന സമയത്തിനുള്ളില്‍ ഈ ആസ്തികളെല്ലാം സുരക്ഷിതമായി മാറ്റാനുമാണ് ശ്രമമെന്ന് സംശയമുണ്ടെന്നും കോടതി പറഞ്ഞിരുന്നു.