ന്യൂദല്‍ഹി- ദല്‍ഹി യൂനിവേഴ്‌സിറ്റിക്കു (ഡി.യു) കീഴിലുള്ള പല കോളേജുകളിലും 100 ശതമാനം യോഗ്യതാ മാര്‍ക്ക് നേടി പ്രവേശനം നേടിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പ്രചരണവുമായി ദല്‍ഹി യൂനിവേഴ്‌സിറ്റി പ്രൊഫസറും ആര്‍എസ്എസ് ബന്ധമുള്ള അധ്യാപക സംഘടനാ മുന്‍ അധ്യക്ഷനുമായ രാകേഷ് കുമാര്‍ പാണ്ഡെ രംഗത്തെത്തി. ഡിയുവിനു കീഴിലുള്ള പല കോളെജുകളിലും ഡിഗ്രി പ്രവേശനം ലഭിക്കാനുള്ള കട്ടോഫ് മാര്‍ക്ക് 99 ശതമാനവും 100 ശതമാനവുമാണ്. പ്ലസ് ടുവിന് 100 ശതമാനം മാര്‍ക്ക് നേടി ഈ യോഗ്യയുള്ള നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ പ്രവേശനം ലഭിച്ചിട്ടുണ്ട്. ഡിയുവിന് കീഴിലുള്ള ഹിന്ദു കോളെജിലെ ബിഎ പൊളിറ്റിക്കൽ സയന്‍സിന് ആകെയുള്ള 20 സീറ്റില്‍ 100 ശതമാനം മാര്‍ക്ക് നേടിയ 100 പേര്‍ക്ക് ഈയിടെ പ്രവേശനം നല്‍കേണ്ടി വന്നിരുന്നു. ഈ 100 പേരില്‍ 99 പേരും കേരള ബോര്‍ഡ് പരീക്ഷ പാസായവരാണ്.
ലവ് ജിഹാദ് പോലെ കേരളത്തില്‍ മാര്‍ക്ക് ജിഹാദുമുണ്ട്. കേരളത്തില്‍ നിന്ന് ദല്‍ഹി യൂനിവേഴ്‌സിറ്റിയിലേക്ക് കൂടുതല്‍ അപേക്ഷകള്‍ വരുന്നത് ആസൂത്രിതമല്ലെന്ന് പറയാനാവില്ല. ഇത് രണ്ടു മൂന്ന് വര്‍ഷമായി നടക്കുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണ് എന്നാണ് രാകേഷ് പാണ്ഡെയുടെ ആരോപണം. ഡിയുവിന് കീഴിലുള്ള കിരോരി മാല്‍ കോളെജിലെ ഫിസിക്‌സ് പ്രൊഫസറാണ് രാകേഷ് പാണ്ഡെ. സംഘപരിവാര്‍ ബന്ധമുള്ള നാഷനല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് ഈ അധ്യാപകൻ. കേരളത്തില്‍ നിന്നെത്തുന്ന ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഹിന്ദിയോ ഇംഗ്ലീഷോ ശരിയായി അറിയുന്നവരല്ലെന്നും രാകേഷ് പാണ്ഡെ ആരോപിച്ചു.
അധ്യാപകന്റെ വിവാദ പരാമര്‍ശത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളും അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായാണ് രാകേഷ് കുമാര്‍ പാണ്ഡെ പറയുന്നത്. ജെഎന്‍യുവില്‍ പരീക്ഷച്ച അതേ നീക്കമാണ് ഇടതുപക്ഷം ഡിയുവിലും പരീക്ഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോക്ഡൗണ്‍ സമയത്ത് നടന്ന പരീക്ഷകളില്‍ മുഴുവന്‍ മാര്‍ക്ക് ലഭിക്കുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലും മലയാളി വിദ്യാര്‍ത്ഥികള്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഗൂഢപദ്ധതിയുടെ ഭാഗമാണെന്നും രാകേഷ് കുമാര്‍ ആരോപിക്കുന്നു.
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പ്രവേശനം ലഭിക്കുന്നതിനെതിരെ ദല്‍ഹി യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിനയും ആര്‍എസ്എസ് വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
അതിനിടെ കേരളത്തിൽ നിന്ന് മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികൾക്ക് പല ഡിയു കോളെജുകളും പ്രവേശനം നിഷേധിക്കുന്നതായി എസ്എഫ്ഐ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.