ന്യൂദല്‍ഹി- പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ദല്‍ഹിയിലുണ്ടായ കലാപത്തെ കുറിച്ചുള്ള അന്വേഷണത്തെ പ്രഹസനമാക്കിയതിനെ നിശിതമായി വിമര്‍ശിച്ച വിചാരണ കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം. പോലീസ് ശരിയായ രീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തതിനെ വിമര്‍ശിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവിനെ ദല്‍ഹിയിലെ മറ്റൊരു കോടതിയിലേക്കാണ് മാറ്റിയത്.
കര്‍കര്‍ദൂമ ജില്ലാ കോടതിയില്‍ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട പല കേസുകളിലും വാദം കേട്ട എ.എസ്.ജെ വിനോദ് യാദവിനെ റൗസ് അവന്യൂ കോടതിയിലേക്കാണ് സി.ബി.ഐ സ്‌പെഷ്യല്‍ ജഡ്ജിയായി മാറ്റിയിരിക്കുന്നത്. ജഡ്ജി വീരേന്ദര്‍ ഭട്ട് കര്‍കര്‍ദൂമ കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയായി ചുമതലയേല്‍ക്കും.
പോലീസുകാര്‍ കള്ളസാക്ഷ്യമാണ് നല്‍കുന്നതെന്നും മൊഴികളില്‍ വൈരുധ്യമുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ജഡ്ജി വിനോദ് യാദവ് വിമര്‍ശിച്ചിരുന്നത്. ഒരു പോലീസുകാരന്‍ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു പോലീസുകാരന്‍ അന്വേഷണത്തില്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. ദൗര്‍ഭാഗ്യകരമായ സ്ഥിതിയാണിതെന്ന് ചൂണ്ടിക്കാട്ടിയ ജ്ഡജി വടക്കുകിഴക്കന്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണറില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.