ഇസ്‌ലമാബാദ്- പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ തലപ്പത്ത് അപ്രതീക്ഷിതമാറ്റം. ലഫ്. ജനറല്‍ നദീം അഹ്മദ് അന്‍ജുമിനെ ശക്തമായ ചാരസംഘടനയുടെ മേധാവിയായി നിയമിച്ചു. ഫായിസ് ഹമീദിനെ പെഷാവര്‍ കോര്‍ കമാന്‍ഡറായി മാറ്റിയാണ് അന്‍ജുമിന്റെ നിയമനം.
ലഫ്.ജന. അന്‍ജും നേരത്തെ കറാച്ചി കോര്‍ കമാന്‍ഡറായിരുന്നു. 2019 സെപ്റ്റംബറിലാണ് ലഫ്. ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്. യു.കെയിലെ റോയല്‍ കോളേജ് ഓഫ് ഡിഫന്‍സ് സ്റ്റഡീസില്‍നിന്ന് ബിരുദമെടുത്ത ഇദ്ദേഹം ഹോണോലുലുവിലെ ഏഷ്യാ പസഫിക് സെന്റര്‍ ഫോര്‍ സെക്യൂരിറ്റി സ്റ്റഡീസില്‍നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. 2019 ല്‍ സൈന്യത്തില്‍ നടത്തിയ അഴിച്ചുപണിയിലാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്ന ഫായിസ് ഹമീദിനെ ഐ.എസ്.ഐ മേധാവിയാക്കിയത്. നേരത്തെ അദ്ദേഹം ഐ.എസ്.ഐയില്‍ ആഭ്യന്തര സുരക്ഷാ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫായിസ് ഹമീദ് ഐ.എസ്.ഐ മേധാവിയായിരിക്കുമ്പോഴാണ് അഫ്ഗാനില്‍ താലിബാന്‍ ഭരണം പടിച്ചതടക്കമുള്ള നിര്‍ണായക സംഭവങ്ങള്‍ അരങ്ങേറിയത്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് താലിബാനും ഹഖാനി നെറ്റ് വര്‍ക്കും തമ്മില്‍ ഉടക്കിയപ്പോള്‍ ഹമീദ് അഫ്ഗാന്‍ തലസ്ഥാനത്ത് എത്തിയിരുന്നു. ആ സമയത്താണ് ഏറ്റുമുട്ടലില്‍ മുല്ല ബറാദറിന് വെടിയേറ്റത്. അഫ്ഗാനില്‍ എല്ലാം ഓകെയാകുമെന്ന് പറഞ്ഞാണ് ലഫ്.ജന. ഹമീദ് കാബൂളില്‍നിന്ന് മടങ്ങിയിരുന്നത്.