മുംബൈ- ലഹരിക്കേസില്‍ അര്‍ബാസ് മെര്‍ച്ചന്റിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈ ഓഫീസിലേക്ക് കൊണ്ടുവന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ മനീഷ് ഭാനുശാലി പോലീസ് സംരക്ഷണം തേടുന്നു.
ഇയാള്‍ ബി.ജെ.പിക്കാരനാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് താന്‍ ബി.ജെ.പിക്കാരന്‍ തന്നെയാണെന്ന് മനീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ കുടുക്കിയ റെയ്ഡിനും കേസിനും പിന്നില്‍ ബി.ജെ.പിയാണെന്ന് തെളിയിക്കാനാണ് മന്ത്രി നവാബ് മാലിക്ക് വെളിപ്പെടുത്തലുകള്‍ നടത്തിയത്. ആര്യന്‍ ഖാനോടൊപ്പം സെല്‍ഫിയെടുത്തയാളും ബി.ജെ.പിക്കാരനാണെന്ന് മന്ത്രി പറയുന്നു. സെല്‍ഫിയില്‍ കാണുന്നയാള്‍ തങ്ങളുടെ ഉദ്യോഗസ്ഥനോ ജീവനക്കായരനോ അല്ലെന്ന് നാര്‍ക്കോട്ടിക്‌സ് ബ്യൂറോ വ്യക്തമാക്കിയിരുന്നു.
തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും സംരക്ഷണത്തിനായി പോലീസിനെ സമീപിക്കുകയാണെന്നും മനീഷ് പറഞ്ഞു. ബി.ജെ.പി നേതാക്കളോട് ഇക്കാര്യം ഇതുവവരെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഡംബര കപ്പിലില്‍ പാര്‍ട്ടി നടക്കുന്നതായി ഒക്ടോബര്‍ ഒന്നിനാണ് വിവരം ലഭിച്ചതെന്നും നാര്‍ക്കോട്ടിക്‌സ് ബ്യൂറോയെ സമീപിക്കാന്‍ സുഹൃത്താണ് നിര്‍ദേശിച്ചതെന്നും മനീഷ് പറയുന്നു. എന്‍.സി.ബിക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത് തങ്ങളാണ്. ഒക്ടോബര്‍ രണ്ടിന് റെയിഡ് പ്ലാന്‍ ചെയ്തപ്പോള്‍ കാണാന്‍ പോയതാണെന്നും മനീഷ് കൂട്ടിച്ചേര്‍ത്തു.