തിരുച്ചിറപ്പള്ളി : വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടോ ? ഒന്നും പേടിക്കേണ്ട, നല്ല പുല്ലാങ്കുഴൾ സംഗീതം ആസ്വദിച്ച് സമയം കളയാം. നഗരത്തിൽ ഗതാഗതക്കുിരുക്കിൽ പെടുന്നവരുടെ മാനസിക സംഘർഷം കുറയ്ക്കാൻ വേണ്ടി തിരുച്ചിറപ്പള്ളി പോലീസാണ് സംഗീത ചികിത്സയുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾക്ക് സമീപം സ്പീക്കർവെച്ച് വാഹനയാത്രക്കാർക്ക് പുല്ലാങ്കുഴൽ സംഗീതം കേൾപ്പിച്ചാണ് യാത്രക്കാരുടെ സമ്മർദം കുറയ്ക്കുന്നത്.
യാത്രക്കാർ ഗതാഗതക്കുരുക്കിൽ പെടുമ്പോൾ സമയം നഷ്ടപ്പെടുന്നത് കാരണം മാനസിക സംഘർഷം കൂടുകയും അത് അപകടത്തിനിരയാക്കുകയും ചെയ്യുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ സിഗ്‌നൽ കാത്തുനിൽക്കുമ്പോൾ ഗാനങ്ങൾ കേൾക്കുന്നത് മനസ്സിന് കുളിർമയേകുമെന്നും അതുവഴി സമ്മർദം കുറയുമെന്നുമുള്ള കണക്കുകൂട്ടലിലാണ് പോലീസ്.
തിരുച്ചിറപ്പള്ളി നഗരത്തിലെ നാല് സിഗ്‌നൽ ലൈറ്റുകളോട് ചേർന്നാണ് ഇപ്പോൾ സ്പീക്കർ വെച്ച് പുല്ലാങ്കുഴൽ സംഗീതം കേൾപ്പിക്കുന്നത്. ഇളയരാജ സംഗീതം നൽകിയ ജനപ്രിയ ഗാനങ്ങളാണ് പുല്ലാങ്കുഴലിൽ വായിക്കുന്നത്.യാത്രക്കാരിൽനിന്ന് നല്ല പ്രതികരണം ലഭിച്ചതോടെ നഗരത്തിൽ സിഗ്‌നൽ ലൈറ്റുള്ള 19 ജംഗ്ഷനുകളിലും ഈ സംവിധാനം ഒരുക്കാൻ പോലീസ് തീരുമാനിച്ചിരിക്കുകയാണ്