ന്യൂദൽഹി- ലഖിംപൂരിൽ കർഷകരെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മകന്റെ കാർ കയറ്റി കർഷകരെ കൊല്ലുന്നതിന്റെ കൂടുതൽ വ്യക്തമായ വീഡിയോ പുറത്തുവന്നു. ഇതോടെ ദാരുണ സംഭവത്തിൽ കേന്ദ്രമന്ത്രിക്കും കുടുംബത്തിനും നേരിട്ട് പങ്കുണ്ടെന്ന ആരോപണം പ്രതിപക്ഷം കൂടുതൽ ശക്തമായി ഉന്നയിച്ചു. കാറിന് നേരെ കല്ലോ വടിയോ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളൊന്നും കാണാനില്ല. നാലു കർഷകരുടെ മരണത്തിന് ഇടയാക്കിയത് ഈ കേന്ദ്രമന്ത്രിയുടെ മകന്റെ ഉടമസ്ഥതിയിലുള്ള മഹീന്ദ്ര ഥാർ എസ്.യു.വിയാണെന്ന് കൂടുതൽ വ്യക്തമായി. കാറിന് നിയന്ത്രണം വിട്ടുവെന്ന പ്രതികളുടെ വാദവും ശരിയല്ലെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. കുതിച്ചുപായുന്ന വേഗത്തിൽ കർഷകരുടെ ഇടയിലേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു.