Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ ടെലികോം മേഖലയിൽ നൂറു ശതമാനം വിദേശനിക്ഷേപത്തിന് അനുമതി

ന്യൂദൽഹി- ടെലികോം മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപത്തിന് വാണിജ്യമന്ത്രാലയം വിജ്ഞാപനം ഇറക്കി. പ്രത്യേക അനുമതിയില്ലാതെ കമ്പനികൾക്ക് 100% വിദേശനിക്ഷേപം സ്വീകരിക്കാം. 49 ശതമാനം ഓഹരിപങ്കാളിത്തമെന്ന പരിധി നീക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം  നേരത്തേ തീരുമാനിച്ചിരുന്നു. ചൈനയുമായുണ്ടായ സംഘർഷത്തെത്തുടർന്ന് ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ നിക്ഷേപങ്ങൾക്ക് നിയന്ത്രണമുണ്ട്. ടെലികോം മേഖലയ്ക്കായി സർക്കാർ കൊണ്ടുവന്ന രക്ഷാനടപടികളുടെ ഭാഗമായാണ് വിദേശനിക്ഷേപം അനുവദിക്കുന്നത്.
    ഇനിമുതൽ ഓട്ടോമാറ്റിക് റൂട്ടിലൂടെ പ്രത്യേക അനുമതിയില്ലാതെ 100% വിദേശ നിക്ഷേപം ടെലികോം മേഖലയിലേക്ക് എത്തിക്കാം.      എന്നാൽ, ചൈന, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്ക് രാജ്യത്തെ ടെലികോം മേഖലയിൽ 100% നിക്ഷേപം നടത്താൻ അനുമതിയില്ല. 2020 ഏപ്രിലിൽ തന്നെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള നിക്ഷേപം സ്വീകരിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.     ടെലികോം സേവനം കൂടുതൽ ഡിജിറ്റൽവത്ക്കരിക്കാനും സർക്കാർ തീരുമാനിച്ചു. കടലാസ് അപേക്ഷകൾ ഒഴിവാക്കി മൊബൈൽ കണക്ഷൻ നടപടികൾ പൂർണമായി ഡിജിറ്റലാക്കും. പ്രീപെയ്ഡ് കണക്ഷൻ പോസ്റ്റ്പെയ്ഡ് ആക്കുമ്പോഴും തിരിച്ചും ഇനി ഒന്നിലധികം കെവൈസിയുടെ ആവശ്യമില്ല. എല്ലാ കൈവൈസി സേവനവും ഓൺലൈനാക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.     പരിഷ്‌കരണ പദ്ധതികൾ ബ്രോഡ്ബാൻഡ്, ടെലികോം കണക്റ്റിവിറ്റി എന്നിവയ്ക്ക് കൂടുതൽ ഉത്തേജനം പകരും. കണക്ടിവിറ്റിയില്ലാത്ത ഇടങ്ങളിൽ കണക്ഷനുവേണ്ടി സാർവത്രിക ബ്രോഡ്ബാൻഡ് ഉറപ്പാക്കും.
 

Latest News