റിയാദ്- വ്യവസ്ഥകൾ പൂർത്തിയായ ഫാമിലി വിസിറ്റ് അപേക്ഷകൾ മൂന്നു ദിവസത്തിനകം അനുവദിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം. ചില അസാധാരണ സാഹചര്യങ്ങളിൽ ചില നടപടിക്രമങ്ങൾ കാരണം വിസാ അപേക്ഷകളിൽ നടപടികൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടേക്കുമെന്നും വിദേശ മന്ത്രാലയം പറഞ്ഞു. ഫാമിലി വിസിറ്റ് വിസകൾക്ക് അപേക്ഷിക്കുന്നവർക്ക് നിശ്ചിത വ്യവസ്ഥകളും നടപടികളും ബാധകമാണെന്ന് വിദേശ മന്ത്രാലയം വ്യക്തമാക്കി. ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കുന്നവർ വിദേശ മന്ത്രാലയത്തിന്റെ ഇ-വിസ സേവന വെബ്‌സൈറ്റ് വഴി ഇ-ഫോം പൂരിപ്പിക്കുകയാണ് ആദ്യം വേണ്ടത്. ചേംബർ ഓഫ് കൊമേഴ്‌സോ ജോലി ചെയ്യുന്ന സ്ഥാപനം മുഖേനെയോ ഇ-ഫോം ഇലക്‌ട്രോണിക് രീതിയിൽ അറ്റസ്റ്റ് ചെയ്യണം. അറബേതര രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള വിസാ അപേക്ഷകളിൽ വിസ അനുവദിക്കേണ്ടവരുടെ പേരുകൾ ഒഴികെ, മറ്റെല്ലാ വിവരങ്ങും അറബിയിലാണ് നൽകേണ്ടത്. പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയ അതേപോലെയാണ് പേരുകൾ നൽകേണ്ടത്.
വിസാ അപേക്ഷ സമർപ്പിക്കുന്ന വിദേശികൾക്ക് കാലാവധിയുള്ള ഇഖാമയുണ്ടായിരിക്കണം. കൂടാതെ ഇവരുടെ ഇഖാമ തൊഴിൽ ഇഖാമയുമായിരിക്കണം. ആശ്രിത ഇഖാമക്കാർക്ക് ഫാമിലി വിസിറ്റ് വിസാ അപേക്ഷകൾ നൽകാൻ സാധിക്കില്ല. മാതാപിതാക്കൾ, ഭാര്യ, മക്കൾ പോലെ ഏറ്റവും അടുത്ത ബന്ധുക്കൾക്കു വേണ്ടിയാകണം വിസാ അപേക്ഷകൾ നൽകേണ്ടത്.