ന്യൂദൽഹി- ലഖിംപുരിൽ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനമിടിച്ച് കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാൻ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പുറപ്പെട്ടു. സീതാപുരിൽനിന്നാണ് ഇരുവരും പുറപ്പെട്ടത്. ആം ആദ്മി നേതാക്കൾ നേരത്തെ തന്നെ കുടുംബത്തെ സന്ദർശിച്ചിരുന്നു. ആം ആദ്മി നേതാക്കളായ ഹർപാൽ ചീമ, രാഘവ് ഛദ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് കുടുംബത്തെ സന്ദർശിച്ചത്. ലഖ്‌നൗവിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിയെ നേരത്തെ യു.പി പോലീസ് തടഞ്ഞിരുന്നു. പഞ്ചാബ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുടെ കൂടെയാണ് രാഹുൽ ഗാന്ധി സീതാപുരിലേക്ക് യാത്രതിരിച്ചത്. രാഹുൽ ഗാന്ധിക്ക് യാത്രക്കുള്ള വാഹനം ഏർപ്പെടുത്താമെന്ന് പോലീസ് അറിയിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു. നിങ്ങളാരാണ് എനിക്ക് യാത്രക്ക് സൗകര്യമൊരുക്കാൻ എന്ന് ക്ഷുഭിതനായ രാഹുൽ സ്വന്തം കാറിൽ പോകാമെന്ന് പോലീസിനോട് വ്യക്തമാക്കി. സീതാപുരിൽ യു.പി പോലീസ് തടവിലാക്കിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും കൂട്ടിയാണ് രാഹുൽ ലഖിംപുരിലേക്ക് തിരിക്കുന്നത്.