പ്രശസ്ത തമിഴ് നടൻ അജിത്ത് കാരണം തനിക്ക് ജോലി നഷ്ടപ്പെട്ടുവെന്നാരോപിച്ച് നഴ്സായ യുവതി അജിത്തിന്റെ വീടിന് മുന്നിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.
തെയ്നാംപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ നേഴ്സായിരുന്നു ഫർസാന. ഇവർ ജോലിചെയ്തിരുന്ന ആശുപത്രിയിലേക്ക് കഴിഞ്ഞ വർഷം അജിത്തും ഭാര്യ ശാലിനിയും വന്നപ്പോൾ ഇരുവർക്കുമൊപ്പം നിന്ന് ഫർസാന വീഡിയോ എടുത്തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ ജോലി സ്ഥലത്തെ നിയമങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ച് ഫർസാനയെ ജോലിയിൽ നിന്ന് പുറത്താക്കി. ഇതേത്തുടർന്ന് ജോലി തിരികെ കിട്ടാൻ സഹായമഭ്യർഥിച്ച് ഫർസാന ശാലിനിയെ സമീപിച്ചിരുന്നു. എന്നാൽ അനുകൂലമായ മറുപടി ലഭിച്ചില്ല. ഇതോടെ മറ്റൊരു സ്ത്രീക്കൊപ്പം ഫർസാന അജിത്തിന്റെ വീട്ടിലേക്ക് എത്തി. സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞതോടെ
ഇവർ അജിത്തിനെ കാണണമെന്ന് പറഞ്ഞ് ഉറക്കെ കരയുകയും ശരീരത്തിൽ തീകൊളുത്തുകയുമായിരുന്നു.
ഉടൻ പൊലീസും നാട്ടുകാരും ചേർന്ന് ദേഹത്ത് വെള്ളമൊഴിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തെങ്കിലും കേസെടുക്കാതെ വിട്ടയച്ചു.