ബഹ്‌റൈച്ച്- ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരില്‍ ഒരാളുടെ മൃതദേഹം രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു. ഗുര്‍വീന്ദര്‍ സിംഗിന്റെ അന്ത്യകര്‍മങ്ങള്‍ ബുധനാഴ്ച രാവിലെ ബന്ധുക്കള്‍ പൂര്‍ത്തിയാക്കി.
22 കാരനായ ഗുര്‍വീന്ദര്‍ സിംഗ് വെടിയേറ്റാണ് മരിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ചിരുന്നു. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തും ബന്ധുക്കളെ പിന്തണച്ചു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമ്മതിച്ചതിനെ തുടര്‍ന്ന് ലഖ്‌നൗവില്‍നിന്നെത്തിയ വിദഗ്ധര്‍ ചൊവ്വാഴ്ച രാത്രി രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
പ്രദേശത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ, കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് ശര്‍മ നിറയൊഴിച്ചിരുന്നുവെന്നും അതാണ് ഗുര്‍വീന്ദര്‍ സിംഗിന്റെ മരണകാരണമെന്നും ദൃക്‌സാക്ഷികളും ബന്ധുക്കളും ആരോപിച്ചിരുന്നു.