ഛണ്ഡീഗഡ്: അജ്ഞാത വൈറസ് പടർന്ന് പിടിച്ച് ഹരിയാനയിലെ പൽവാൽ ജില്ലയിൽ 24 കുട്ടികൾ മരണമടഞ്ഞു. വൈറസിന്റെ ഉറവിടം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടികളുടെ മരണം ഏറെ ആശങ്കയുണർത്തുന്നതാണെന്നും രോഗം ഏതെന്നറിയാൻ രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായും ഹരിയാന ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മാത്രം മൂന്ന് കുട്ടികളാണ് മരണത്തിന് കീഴടങ്ങിയത്.
സന്ധികളിൽ വേദന, തലവേദന, നിർജ്ജലീകരണം, ഛർദ്ദി എന്നിവയാണ് രോഗലക്ഷണങ്ങൾ. ചിലർക്ക് കൈകാലുകളിൽ ചുവന്ന നിറത്തിൽ തിണർത്ത് പൊങ്ങുകയും ചെയ്യുന്നു. ലോക മാധ്യമങ്ങളും ഹരിയാനയിലെ അജ്ഞാത വൈറസിന്റെ വാർത്തകൾക്ക് പിന്നാലെയുണ്ട്. ഈ വൈറസ് കോവിഡിന് ശേഷം മറ്റൊരു മഹാദുരന്തമായി മാറുമോ എന്ന ആശങ്കയാണുള്ളത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിനു മുൻപ് കുട്ടികൾ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിച്ചിരുന്നതായി രക്ഷകർത്താക്കൾ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിച്ചതായി ഏഴു വയസ്സുള്ള കുട്ടിയുടെയും മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെയും മാതാപിതാക്കൾ സ്ഥിരീകരിച്ചു.
ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ മിക്കവർക്കും രക്തത്തിൽ പ്ലേറ്റ്‌ലെറ്റിന്റെ കുറവ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഡെങ്കിപനിയാണോയെന്ന സംശയം ആരോഗ്യ മേഖലയിലെ ചിലർ പങ്കുവെക്കുന്നുണ്ട്. എന്നാൽ കുട്ടികൾ മാത്രമാണ് മരണമടഞ്ഞതെന്നതിനാൽ ഡെങ്കിപനിയായിരിക്കാൻ സാധ്യതയില്ലെന്ന് മറ്റ് ചില വിദഗ്ധർ പറയുന്നു.