ന്യൂദല്‍ഹി- യുപിയിലെ ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച എത്തും. ലഖിംപൂരിലേക്കുള്ള യാത്രമധ്യേ യുപി പോലീസ് തടഞ്ഞ യുപി കോണ്‍ഗ്രസ് ചുമതല വഹിക്കുന്ന പ്രിയങ്ക ഗാന്ധി ഇപ്പോഴും പോലീസ് തടങ്കലിലാണ്. നിരവധി പ്രതിപക്ഷ നേതാക്കളെ ലഖിംപൂരിലേക്ക് പ്രവേശിക്കുന്നത് സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. ഇതിനിടെയാണ് രാഹുലും എത്തുന്നതായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘത്തിന് ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ഒരു കാരണവും കാണിക്കാതെ പ്രിയങ്കയെ തടങ്കലില്‍ വച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. തനിക്കെതിരെ നോട്ടീസോ എഫ്‌ഐആറോ ഇല്ലാതെ 38 മണിക്കൂറായി തടങ്കലിലിട്ടിരിക്കുകയാണെന്നും അഭിഭാഷകനെ കാണാന്‍ പോലും പോലീസ് അനുവദിക്കുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു. തിങ്കളാഴ്ചയാണ് പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്ത് തടങ്കലിലടച്ചത്.