ജയ്പൂർ- ബോളിവുഡ് സിനിമ പത്മാവതിനെതിരെ വ്യാപക പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ കർണി സേന ഒടുവിൽ നിലപാടു മാറ്റി. എന്നാൽ ഈ സിനിമ രജപുത് സമുദായത്തെ മഹത്വവൽക്കുന്നുവെന്നാണ് കർണി സേനയുടെ പുതിയ കണ്ടെത്തൽ. പത്മാവത് രജപുത് സമുദായത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ചായിരുന്നു രാജസ്ഥാനിൽ ഇവെ പരക്കെ ആക്രണം അഴിച്ചു വിടുകയും കെലാവിളി നടത്തുകയും ചെയ്തത്. രജപുത് സമുദായത്തിന്റെ പ്രതാപം വിളിച്ചോതുന്ന സിനിമയാണ് പത്മാവത് എന്ന് മുംബൈയിലെ ശ്രീ രാഷ്ട്രീയ രജപുത് കർണി സേന നേതാവ് യോഗേന്ദ്ര സിങ് കട്ടർ പറഞ്ഞു. ദേശീയ അധ്യക്ഷൻ സുഖദേവ് സിങ് ഗോഗമാഡിയുടെ നിർദേശ പ്രകാരം പ്രതിഷേധ സമരങ്ങൾ പിൻവലിച്ചതായും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം മുംബൈയിൽ കർണി സേന നേതാക്കൾ പത്മാവത് സിനിമ കണ്ടിരുന്നു. ഇതിനു ശേഷമാണ് സിനിമ രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ സിനിമ റിലീസ് ചെയ്യുന്നതിന് സഹായിക്കുമെന്നും കർണി സേന വ്യക്തമാക്കിയത്. ചരിത്രത്തെ വളച്ചൊടിക്കുന്ന ഈ സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരത്തിലായിരുന്നു ഇവർ ഇതുവരെ. കഴിഞ്ഞ മാസം സുപ്രീം കോടതി പത്മാവത് നിരോധനം സ്‌റ്റേ ചെയ്‌തെങ്കിലും കർണി സേന ശക്തമായി രംഗത്തുണ്ടായിരുന്നു.