അബുദാബി- കോവിഡ് വ്യാപനം കുറയുകയും വിദ്യാര്‍ഥികള്‍ വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തതോടെ അബുദാബിയിലെ സ്‌കൂളുകളില്‍ നിബന്ധനകളില്‍ ഇളവ് വരുത്തി. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഗതാഗത സംവിധാനങ്ങളിലെ അകലം എന്നിങ്ങനെയുള്ള മേഖലകളിലാണ് ഇളവ് പ്രഖ്യാപിച്ചത്.
പുതിയ നിയമപ്രകാരം ഈ മേഖലകളില്‍ സാഹചര്യം അനുസരിച്ച് മാറ്റങ്ങള്‍ വരുത്താം. ക്ലാസുകളില്‍ വലിയ സാമൂഹിക അകലം അനിവാര്യമല്ല. എന്നാല്‍ എത്രത്തോളം കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു എന്ന് നോക്കിയാണ് ഈ ഇളവുകള്‍. ഇതിനായി കളര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാക്‌സിനേഷന്‍ നിശ്ചിത അളവില്‍ പൂര്‍ത്തിയായ സ്‌കൂളുകള്‍ക്കാണ് ഇളവുകള്‍ കൂടുതലും അനുവദിക്കുന്നത്. അല്ലാത്ത സ്‌കൂളുകള്‍ പഴയ നിബന്ധനകള്‍ തുടരണം.
50 ശതമാനത്തില്‍ താഴെ കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ ഓറഞ്ച് കാറ്റഗറിയിലാണ് വരുന്നത്. 50 നും 60 നുമിടയില്‍ മഞ്ഞ, 65-84 ശതമാനമാണെങ്കില്‍ പച്ച, 85 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചതാണെങ്കില്‍ നീല എന്നിങ്ങനെയാണ് കണക്കുകള്‍. ബ്ലൂ കാറ്റഗറിയില്‍ വരുന്ന സ്‌കൂളുകളിലാണ് നിലവില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ഈ ഇളവുകള്‍ക്ക് അനുമതി നല്‍കി. കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി ബ്ലൂ കാറ്റഗറിയില്‍ വന്നവര്‍ക്ക് മാത്രമാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുകയെന്നും അതോറിറ്റി അറിയിച്ചു. 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് അബുദാബിയില്‍ ഫൈസര്‍ ബയോടെക് വാക്‌സിനാണ് നല്‍കിവരുന്നത്. മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്‌സിനും നല്‍കിവരുന്നു.
അതേസമയം വാഹന സൗകര്യത്തിന്റെ അഭാവം സ്‌കൂളുകളിലേക്ക് കുട്ടികളെ വിടുന്നതില്‍ രക്ഷിതാക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. 50 ശതമാനം കുട്ടികള്‍ക്ക് മാത്രമേ വാഹനങ്ങളില്‍ പ്രവേശിക്കാനാകൂ എന്ന നിബന്ധനയാണ് പ്രയാസം സൃഷ്ടിക്കുന്നത്. എന്നാല്‍ സ്‌കൂളുകള്‍ ബ്ലൂ കാറ്റഗറിയില്‍ വരുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. സ്‌കൂളിലെ ഇളവുകള്‍ പോലെ വാഹനങ്ങള്‍ക്കും ഇളവുകള്‍ നല്‍കും. സ്‌കൂള്‍ ബസുകളില്‍ സ്ഥലമില്ലാത്തതിനാല്‍ നിരവധി രക്ഷിതാക്കളാണ് ഇപ്പോള്‍ പ്രയാസം അനുഭവിക്കുന്നത്. പുതിയ ഇളവുകള്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വലിയ ആശ്വാസമാകും.