പാരീസ്- പ്രമുഖ ഇസ്ലാമിക പ്രബോധകൻ താരീഖ് റമദാനെ ലൈംഗീക പീഡന കേസിൽ ഫ്രാൻസ് പോലീസ് അറസ്റ്റ് ചെയ്തു. തങ്ങളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാരോപിച്ച് രണ്ട് സ്ത്രീകൾ നൽകിയ പരാതിയിലാണ് നടപടി. ബുധനാഴ്ച്ചയാണ് താരീഖ് റമദാനെ പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗമാണ് താരീഖ് റമദാനെതിരായ കേസ്. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഓക്‌സ്‌ഫോർഡ് മുൻ പ്രൊഫസർ കൂടിയായ താരീഖ് റമദാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതൽ അന്വേഷണം ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് 55-കാരനായ താരീഖിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
പ്രമുഖ ഫെമിനിസ്റ്റ് ഹെൻഡ അയാരിയാണ് താരീഖിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. 2016-ൽ ഇവർ എഴുതിയ പുസ്തകത്തിലാണ് ലൈംഗീക പീഡനം നേരിട്ട വിവരം ആദ്യം പുറംലോകത്തെ അറിയിച്ചത്. എന്നാൽ ആരാണ് തന്നെ പീഡിപ്പിച്ചത് എന്ന കാര്യം ഇവർ വ്യക്തമാക്കിയിരുന്നില്ല. പിന്നീട് മീ ടൂ ക്യാംപയിനിന്റെ ഭാഗമായാണ് ഇവർ താരീഖിന്റെ പേര് വെളിപ്പെടുത്തിയത്. നേരത്തെ ഇസ്്‌ലാമിക സംഘവുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഹെൻഡ അയാരി നിലവിൽ സെക്കുലർ ഫെമിനിസ്റ്റ് ഗ്രൂപ്പുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.
ഹോട്ടൽ മുറിയിൽ വെച്ച് താരീഖ് തന്നെ പീഡിപ്പിച്ചുവെന്നാണ് ഇവർ ലെ പാരീസിയിൻ ദിനപത്രത്തോട് വെളിപ്പെടുത്തിയത്. കുറച്ചു ദിവസത്തിന് ശേഷം ഭിന്നശേഷിക്കാരിയായ ഒരു സ്ത്രീയും താരീഖ് റമദാൻ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തി. 2009-ൽ ലിയോണിൽ വെച്ചാണ് തന്നെ പീഡിപ്പിച്ചത് എന്നാണ് ഈ യുവതി വെളിപ്പെടുത്തിയത്. മറ്റ് നാല് സ്ത്രീകളും ഇദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
അതേസമയം, ആരോപണം താരീഖ് റമദാൻ നിഷേധിച്ചു. കെട്ടിച്ചമച്ച ആരോപണങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോപണങ്ങളെല്ലാം ശത്രുക്കൾ കെട്ടിച്ചമച്ചതാണെന്നാണ് താരീഖ് റമദാൻ വാദിക്കുന്നത്.