കൊച്ചി- പണം നൽകിയവരെ മോൻസൺ മാവുങ്കൽ ഹണിട്രാപ്പിന് ഇരയാക്കിയെന്ന സംശയം ബലപ്പെടുന്നു. കോടികളുടെ സാമ്പത്തിക തട്ടിപ്പിനും വ്യാജ ചികിത്സക്കും ഇരയായ പലരും പരാതിയുമായി മുന്നോട്ടുവരാൻ ധൈര്യപ്പെടാത്തത് മോൻസന്റെ പക്കൽ ഹണിട്രാപ്പിലകപ്പെട്ടവരുടെ ദൃശ്യങ്ങളടക്കം ഉണ്ടെന്നതിനാലാണെന്ന സൂചനകൾ ശക്തമായി. കോടിക്കണക്കിന് രൂപ മോൻസണ് നൽകിയിട്ടുള്ള പലരും മോൻസൺ പിടിയിലായിട്ടും പരാതി നൽകാതെ മാളങ്ങളിലൊളിച്ചിരിക്കുന്നത് വിശദമായ അന്വേഷണം വന്നാൽ പലതും വെളിപ്പെടുമെന്ന ഭയം കൊണ്ടാണ്. ഇവരിൽ കള്ളപ്പണക്കാരും മോൻസന്റെ ആതിഥ്യം സ്വീകരിച്ച് ഹണിട്രാപ്പിൽ കുടുങ്ങിയവരുമുണ്ടെന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രിക്ക്് പരാതി നൽകിയ ഷെമീറും അനൂപും പറയുന്നു.
മോൻസൺ മറ്റൊരാളോടൊപ്പം ഇടുക്കിയിലെ ഹോട്ടലിൽ പെൺകുട്ടികളുമായി വന്ന് മസ്സാജിംഗ് നടത്തിയതു സംബന്ധിച്ച ഹോട്ടൽ ജീവനക്കാരിയുടെ വെളിപ്പെടുത്തലും ഹണിട്രാപ്പിൽ കുരുക്കുമെന്ന് മോൻസൺ ഭീഷണിപ്പെടുത്തിയതായി കാണിച്ച് ആലപ്പുഴ സ്വദേശിനി നൽകിയ പരാതിയും കലൂരിലെ വീട്ടിൽ നിരവധി പെൺകുട്ടികളെ കണ്ടിട്ടുണ്ടെന്നും മുകളിലെ നിലയിൽ മസ്സാജിംഗ് സൗകര്യമുണ്ടായിരുന്നെന്നും മോൻസന്റെ തട്ടിപ്പിനിരയായ ഷാജി ശ്രീവത്സം നടത്തിയിട്ടുള്ള വെളിപ്പെടുത്തലുമാണ് ഉന്നതരെ മോൻസൺ ഹണിട്രാപ്പിൽ കുടുക്കിയെന്ന സംശയം ബലപ്പെടുത്തിയിരിക്കുന്നത്.
മോൻസന്റെ അടുപ്പക്കാരനായ ശരത് എന്നയാൾക്കെതിരെ നൽകിയ ബലാൽസംഗ പരാതി പിൻവലിച്ചില്ലെങ്കിൽ ഹണിട്രാപ്പിൽ കുടുക്കുമെന്നും നഗ്‌ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും മോൻസൺ ഭീഷണിപ്പെടുത്തിയതായി എറണാകുളം സ്വദേശി കോടതിയിൽ പരാതിപ്പെട്ടിട്ടുണ്ട്. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിലാണ് ഗുരുതര ആരോപണം. മോൻസന്റെ കുടുംബ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത് യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാൽസംഗം ചെയ്തു എന്നതായിരുന്നു കേസ്. പോലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടാകാതിരുന്നതോടെയാണ് യുവതി കോടതിയിലെത്തിയിരിക്കുന്നത്.
ആറു കോടിയുടെ തട്ടിപ്പിനിരയായ ഷാജി ശ്രീവത്സം കലൂരിലെ മോൻസന്റെ വീട്ടിൽ നിരവധി പെൺകുട്ടികളെ താമസിപ്പിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു. മുകളിലെ നിലയിൽ ഇവരെ താമസിപ്പിച്ച് മസ്സാജിംഗ് എന്ന പേരിൽ അവിഹിത ഇടപാടുകൾ നടന്നിരുന്നുവെന്നും പ്രമുഖൻമാർ ചികിത്സക്കെന്ന് പറഞ്ഞ് ഇവിടെ വന്ന് താമസിച്ചത് ഇത്തരം അവിഹിത ഇടപാടുകൾക്കാണെന്നും ഷാജി ശ്രീവത്സം ആരോപിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഇടുക്കിയിലെ ഹോട്ടലിൽ മോൻസൺ യുവതികളുമായെത്തിയ വിവരം പുറത്തുവന്നിരിക്കുന്നത്.