ന്യൂദൽഹി- ഉത്തർപ്രദേശിൽ ലിഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരെ സന്ദർശിക്കാൻ പുറപ്പെട്ട എ.ഐ.സി.സി ജനറൽ സെക്രറി പ്രിയങ്ക ഗാന്ധിയെ 38 മണിക്കൂറോളം കസ്റ്റഡിയിൽ വെച്ച ശേഷവും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാതെ യു.പി പോലീസ്. പ്രിയങ്കക്ക് ഇതേവരെ എഫ്.ഐ.ആറോ നോട്ടീസോ നൽകാനും പോലീസ് തയ്യാറായില്ല. ക്രമസമാധാനം തകർക്കാർ ശ്രമിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്.
പ്രിയങ്ക നിലവിൽ താമസിക്കുന്ന ലക്‌നൗവിലെ ഗസ്റ്റ് ഹൗസ് താൽക്കാലിക ജയിലാക്കിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്് ചെയ്യുന്നത്. പ്രിയങ്ക ഉൾപ്പെടെ 11 പേർക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തെന്ന് സീതാപുർ ജില്ലയിലെ ഹർഗാവ് പോലീസ് അറിയിച്ചത്. കർഷകർ കൊല്ലപ്പെട്ട ലംഖിപുർ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് കഴിഞ്ഞ 4ന് പുലർച്ചെ അഞ്ച് മണിയോടെ പ്രിയങ്കയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് സീതാപുരിലെ ഹർഗാവിലെ ഗസ്റ്റ് ഹൗസിൽ പാർപ്പിച്ച പ്രിയങ്കയെ നിരാഹാര സമരത്തിലായിരുന്നു. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാതെയാണ് തന്നെ കസ്റ്റഡിയിൽ വച്ചിരിക്കുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതിനിടെ, ഇന്നലെ ലക്‌നൗവിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാന മന്ത്രി എന്തുകൊണ്ടാണ് ലഖിംപുർ സന്ദർശിക്കാൻ കൂട്ടാക്കത്തതെന്നു പ്രിയങ്ക ചോദിച്ചു. തെളിവുകൾ ഉണ്ടായിരുന്നിട്ടും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് യുപി സർക്കാരിന് സാധിച്ചിട്ടില്ല. പ്രതിപക്ഷത്തുള്ളവർക്ക് നേരെ മതിയായ തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിലും അറസ്റ്റ് ചെയ്യുന്ന യു.പി പോലീസിന് പകൽ വെളിച്ചത്തിൽ ആളുകളുടെ ശരീരത്തിനു മുകളിലൂടെ വാഹനമോടിച്ചു കയറ്റിയവരെ പിടികൂടാൻ സാധിക്കാത്തത് വിചിത്രമാണ്. സ്വാതന്ത്ര്യത്തെ കുറിച്ച് ഉദ്ഘോഷിക്കുന്നതിനായി ലക്നോവിലേക്കെത്തുന്ന പ്രധാനമന്ത്രി നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്നത് ഇപ്പോൾ പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുന്ന കർഷകരുടെ പൂർവികരാണെന്നത് ഓർക്കണം. ഇതേ കർഷകാരുടെ മക്കളാണ് അതിർത്തിയിൽ രാജ്യത്തിന് കാവൽ നിൽക്കുന്നതെന്നും പ്രിയങ്ക പ്രതികരിച്ചു.
ഇന്നലെ ലക്‌നൗ സന്ദർശിച്ച പ്രധാനമന്ത്രി മരിച്ച കർഷകരുടെ കണ്ണീരൊപ്പാൻ ലഖിംപൂരിലേക്ക് പോകാത്തതിൽ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷം കുറ്റപ്പെടുത്തി. ലക്‌നൗവിൽ നിന്ന് 15 മിനിറ്റു മാത്രം ഹെലികോപ്ടറിൽ പോകാനുള്ള ദൂരത്തേക്ക് പ്രധാനമന്ത്രി ഒന്നു തിരിഞ്ഞു പോലും നോക്കിയില്ലെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.