ലക്‌നൗ : ഇന്നലെ രാവിലെ മുതൽ പോലീസ് കസ്റ്റഡിയിലായിരുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റുചെയ്തു. ലഖിംപൂർഖേരിയിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്നും , നിരോധനാജ്ഞ ലംഘിച്ചെന്നും സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. ഇത് സംബന്ധിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
പ്രിയങ്കാ ഗാന്ധിക്കൊപ്പം യുപിയിലെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാർ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുർജാർ, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരുൾപ്പെടെ 11 പേരാണ് അറസ്റ്റിലായത്. ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
28 മണിക്കൂറായി എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാതെ തന്നെ തടവിലാക്കിയിരിക്കുകയാണെന്ന് പറഞ്ഞ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു. കർഷക സമരത്തിലേക്ക് കേന്ദ്രമന്ത്രിയുെട മകൻ കാറോടിച്ച് കയറ്റി 9 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ കർഷകരെ സന്ദർശിക്കാനാണ് പ്രിയങ്ക ഇന്നലെ ലഖിംപൂർഖേരിയിലേക്ക് പോയത്.