കൽപ്പറ്റ : കോൺഗ്രസിൽ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. കെ.പി.സി.സി നിർവാഹക സമിതി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.വി. ബാലചന്ദ്രൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. അദ്ദേഹം സി.പി.എമ്മിൽ ചേർന്നേക്കും. കോൺഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടുവെന്നും പാർട്ടിക്കൊപ്പം ജനങ്ങൾ നിൽക്കില്ലെന്നും ബാലചന്ദ്രൻ പറഞ്ഞു.
മുൻ ഡി.സി.സി മുൻ പ്രസിഡൻറായിരുന്ന ബാലചന്ദ്രൻ പാർട്ടി നേതൃത്വവുമായി ഉടക്കിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ജില്ലക്ക് പുറത്തുള്ള നേതാവിന് നൽകിയതിൽ അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സുൽത്താൻ ബത്തേരി എം.എൽ.എയും മുൻ ഡി.സി.സി അധ്യക്ഷനുമായ ഐ.സി ബാലകൃഷ്ണനെതിരെ അഴിമതിയാരോപണവുമായി ബാലചന്ദ്രൻ നേരത്തെ രംഗത്തെത്തിയിരുന്നു.