കൊച്ചി- 11 കോടി രൂപയുടെ ലഹരിമരുന്നുകള്‍ പിടികൂടിയ ലഹരി വിതരണ സംഘത്തെ നിയന്ത്രിച്ചിരുന്നത് ടീച്ചര്‍ എന്നു വിളിക്കപ്പെടുന്ന സുസ്മിത ഫിലിപ്പ് ആണെന്നും ഈ സംഘത്തിലെ കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്നും എക്‌സൈസ്. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നതായും എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നത് ഇവരാണെന്നും എക്‌സൈസ് കോടതിയില്‍ പറഞ്ഞു. സുസ്മിതയെ എക്‌സൈസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
ഇവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എക്‌സൈസ് പറയുന്നത്. കേസില്‍ 12 പേരാണ് ഇതുവരെ അറസ്റ്റിലായത്. 12ാം പ്രതിയാണ് സുസ്മിത. ആഢംബര ഹോട്ടലുകളിലും ക്ലബുകളിലും ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ച സുസ്മിത പല പാര്‍ട്ടികളിലും പങ്കെടുത്തിട്ടുമുണ്ട്. മയക്ക് മരുന്ന് ഇടപാടില്‍ ഇടനിലക്കാരിയായ ഇവര്‍ക്ക് സിനിമാ രംഗത്തുള്ളവരുമായും ബന്ധമുണ്ട്.
കേസില്‍ ആദ്യം പിടിയിലായ പ്രതികളുടെ അക്കൗണ്ടിലേക്ക് വന്‍ തുക സുസ്മിത ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. ചില പ്രതികളുടെ ഫോണിലേക്ക് ശ്രീലങ്കയില്‍ നിന്നടക്കം കോളുകളും വന്നിരുന്നു. പ്രതികളില്‍ ചിലര്‍ക്കൊപ്പം സുസ്മിത പല ഹോട്ടലുകളിലും താമസിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.