ന്യൂദല്‍ഹി- ദല്‍ഹി യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള ഹിന്ദു കോളെജില്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് ഒന്നാം വര്‍ഷ പ്രവേശനത്തിന് 100 ശതമാനം മാര്‍ക്കുള്ളവര്‍ക്കു മാത്രമെ അപേക്ഷിക്കാനാകുമായിരുന്നുള്ളൂ. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെ അപേക്ഷാ സമയപരിധി അവസാനിച്ചതോടെ 20 സീറ്റുകളിലേക്ക് 100 അപേക്ഷകളാണ് ലഭിച്ചത്. ബെസ്റ്റ് ഫോര്‍ സബ്ജക്ട് സ്‌കോറില്‍ ഈ 100 പേര്‍ക്കും 100% മാര്‍ക്കും ഉണ്ട്. അതിലേറെ ആശ്ചര്യം ഇവരില്‍ 99 പേരും കേരള ബോര്‍ഡിന്റെ പ്ലസ് ടു പാസായവരാണ് എന്നതാണ്. ദല്‍ഹി യൂനിവേഴ്‌സിറ്റി ചട്ട പ്രകാരം കട്ട് ഓഫ് മാര്‍ക്ക് എന്ന മാനദണ്ഡ പ്രകാരം യോഗ്യത നേടിയ ആര്‍ക്കും പ്രവേശനം നിഷേധിക്കാന്‍ പാടില്ല എന്നാണ്.
ദല്‍ഹി യൂനിവേഴ്‌സിറ്റി ഈ വര്‍ഷത്തെ പ്രവേശനത്തിന്റെ ആദ്യ ദിവസം 2200ലേറെ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനാണ് അനുമതി നല്‍കിയത്. ഹിന്ദു കോളെജിനു പുറമെ മറ്റു മിറാന്‍ഡ് ഹൗസ് കോളെജ് ഉള്‍പ്പെടെ മിക്ക പ്രമുഖ കോളെജുകളിലും 100 ശതമാനം മാര്‍ക്കു നേടിയ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ തള്ളിച്ചയാണ്.
ഈ വര്‍ഷം ദല്‍ഹി യൂനിവേഴ്‌സിറ്റി ജനറല്‍ വിഭാഗത്തില്‍ 100 ശതമാനം കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിച്ച 10 കോഴ്‌സുകളില്‍ ഒന്നാണ് ഹിന്ദു കോളെജിലെ ബിഎ (ഓണേഴ്‌സ്) പൊളിറ്റിക്കല്‍ സയന്‍സ്. 33 ജനറല്‍, 62 ഒബിസി, 4 എസ് സി, 3 ഇഡബ്ല്യുഎസ് എന്നിങ്ങനെയാണ് അപേക്ഷകര്‍. ഇവരുടെ പ്രവേശനത്തിന് അനുമതി ലഭിക്കും. ഇവരില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും കേരള ബോര്‍ഡുകാരാണ്- ഒരു അധ്യാപകന്‍ പറഞ്ഞു. ഈ വിദ്യാര്‍ത്ഥികളെല്ലാം ജനറല്‍ കട്ട് ഓഫ് മാര്‍ക്ക് മാനദണ്ഡ പ്രകാരം യോഗ്യത നേടിയവരാണ് എന്നതിനാല്‍ ഇവരെ ജനറല്‍ വിഭാഗത്തില്‍ തന്നെ പ്രവേശനം നല്‍കും. സംവരണ സീറ്റുകള്‍ ആനുപാതികമായി ഉയര്‍ത്തേണ്ടി വരും. ഇതോടെ ക്ലാസുകള്‍ പരിധിക്കപ്പുറം നിറഞ്ഞുകവിയും. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയുകയും ചെയ്യും. ക്ലാസ് മുറിയിലെ ഈ അസാധാരണ ഏകീകൃത സ്വഭാവം ആശങ്കയാണെന്നും ക്ലാസിന്റെ ബഹുസ്വര സ്വഭാവത്തിന് വിലങ്ങാകുമെന്നും ഒരു ഫാക്കല്‍റ്റി പറയുന്നു. പ്രവേശ നടപടിയിലെ അരിക്കല്‍ പ്രക്രിയയിലെ പ്രശ്‌നങ്ങളാണ് ഇതിനു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുല്യാവസരം നല്‍കുന്ന ഒരു സംവിധാനത്തിന്റെ അഭാവമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.