ശ്രീനഗര്‍- ഹരിയാനയിലെ മഹേന്ദ്രഗഢില്‍ വെള്ളിയാഴ്ച പള്ളിയില്‍ പോയി മടങ്ങവെ കശ്മീരി വിദ്യാര്‍ഥികളെ ഒരു സംഘം ആളുകള്‍ അകാരണമായി തല്ലിച്ചതച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.
ഹരിയാന കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികളെയാണ് ഹിന്ദുത്വ തീവ്രവാദികള്‍ മര്‍ദിച്ചത്. മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. കശ്മീരികള്‍ക്കു വേണ്ടി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകള്‍ക്ക് വിരുദ്ധമാണ് ഈ സംഭവമെന്നും ഹരിയാനയിലെ അധികൃതര്‍ കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീര്‍ പോലീസ് മേധാവി ശേഷ് പോള്‍ വൈദ് ഹരിയാന പോലീസ് മേധാവിയെ ബന്ധപ്പെട്ടിട്ടുണ്ട്.
മഹേന്ദ്രഗഢിലെ ഹരിയാന കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥിയായ അഫ്താബിനേയും സുഹൃത്തിനേയുമാണ് വെള്ളിയാഴ്ച പള്ളിയില്‍ നിന്നിറങ്ങവെ ആക്രമിച്ചത്. പള്ളിയില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ ചിലര്‍ പിന്തുടരുന്നത് ശ്രദ്ധിച്ചിരുന്നു. പിന്നീട് ബൈക്കില്‍ കയറുന്നതിനിടെയാണ് ഇരുപതോളം പേരടങ്ങുന്ന സംഘം ഞങ്ങളെ ഒരു പ്രകോപനവുമില്ലാതെ മര്‍ദ്ദിച്ചത്- അഫ്താബ് പറഞ്ഞു.
സംഭവം കണ്ട ആരും സഹായത്തിന് എത്തിയില്ലെന്നും പോലീസ് സ്ഥലത്തെത്തിയതോടെയാണ് രക്ഷപ്പെട്ടതെന്നും അഫ്താബ് പറഞ്ഞു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍വകലാശാല അധികൃതര്‍ക്കും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്.