ന്യൂദല്‍ഹി- നികുതിവെട്ടിച്ച് കോടികള്‍ വിദേശത്തേക്ക് കടത്തിയ രഹസ്യ വിവരങ്ങള്‍ പണ്ടോറ രേഖകളിലൂടെ പുറത്തു വന്നതോടെ ഉന്നതരുടെ സംശയകരമായ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. അനില്‍ അംബാനി, സചിന്‍ ടെണ്ടുല്‍ക്കര്‍, കിരണ്‍ മജുംദാര്‍ ഷാ, ജാക്ക് ഷ്‌റോഫ്, പ്രമോദ് മിത്തല്‍ തുടങ്ങി അതിസമ്പന്നരും പ്രബലരും സെലിബ്രിറ്റികളുമായ ഇന്ത്യക്കാരുടെ രഹസ്യ നിക്ഷേപ വിവരങ്ങളാണ് പണ്ടോറ രേഖകളിലൂടെ ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സും ഇന്ത്യന്‍ എക്‌സ്പ്രസ് പത്രവും കഴിഞ്ഞ ദിവസം പുറത്തു കൊണ്ടു വന്നത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി), റിസര്‍വ് ബാങ്ക്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റ് തുടങ്ങി വിവിധ ഏജന്‍സികള്‍ സംയുക്തമായാണ് ഈ ഇടപാടുകള്‍ അന്വേഷിക്കുകയെന്ന് ധനമന്ത്രാലയം അറിയിച്ചു. പണ്ടോറ രേഖകളില്‍ 300ഓളം ഇന്ത്യക്കാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരിൽ പ്രമുഖരായി 60 പേരുണ്ട്. വിവരങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് കഴിഞ്ഞ ദിവസം പരമ്പരയായി പ്രസിദ്ധീകരിച്ചു തുടങ്ങി. വരും ദിവസങ്ങളിലും പ്രമുഖരുടെ പേരുകള്‍ പുറത്താകാനിരിക്കുകയാണ്.
ലോകത്തൊട്ടാകെ ഏറെ കോളിളക്കമുണ്ടാക്കിയ പാനമ രേഖകള്‍ക്കു ശേഷം പണ്ടോറ രേഖകള്‍ എന്ന പേരിലാണ് ഇപ്പോള്‍ പുതിയ വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള പല പ്രമുഖരുടെ വിവരങ്ങളും ഉള്‍പ്പെടും. താന്‍ പാപ്പരാണെന്ന് ബ്രിട്ടീഷ് കോടതിയില്‍ വാദിച്ച റിലയന്‍സ് എഡിഎ ഗ്രൂപ്പ് മേധാവി അനില്‍ അംബാനി ജേഴ്‌സി, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്, സൈപ്രസ് എന്നിവടങ്ങളിലായി 18 കമ്പനികളിലായാണ് പണം നിക്ഷേപിച്ചിട്ടുള്ളത്. ഇവയില്‍ ഏഴു കമ്പനികള്‍ 1.3 ശതകോടി ഡോളറിന്റെ നിക്ഷേപങ്ങളും കടമെടുപ്പുമാണ് നടത്തിയിട്ടുള്ളത്.
പഞ്ചാബ് നാഷണനല്‍ ബാങ്കില്‍ നിന്ന് 14000 കോടി വെട്ടിച്ച് ഇന്ത്യയില്‍ നിന്ന് മുങ്ങിയ വജ്രവ്യാപാരി നിരവ് മോഡിയുടെ സഹോദരി നിരവ് മുങ്ങുന്നതിന്റെ ഒരു മാസം മുമ്പ് വിദേശത്ത് ഒരു ട്രസ്റ്റ് തട്ടിക്കൂട്ടി പണം അങ്ങോട്ട് മാറ്റിയതായും പണ്ടോര രേഖകളില്‍ പറയുന്നു. പ്രമുഖ ടെക് സംരംഭക കിരണ്‍ മജുംദാര്‍ ഷായുടെ ഭര്‍ത്താവ് ഒരു ഇന്‍സൈഡര്‍ ട്രേഡറുമൊന്നിച്ച് വിദേശത്ത് ട്രസ്റ്റ് രൂപീകരിച്ചതായും രേഖകളിലുണ്ട്.
ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് (ICIJ) 117 രാജ്യങ്ങളിലെ 150 മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള 600 അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി നടത്തിയ അന്വേഷണ റിപോര്‍ട്ടാണ് പണ്ടോറ രേഖകള്‍ എന്ന പേരില്‍ പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് ഈ അന്വേഷണത്തിന്റെ ഭാഗമായത്. നികുതി വെട്ടിച്ച് സമ്പാദ്യം പൂഴ്ത്തിവെക്കാന്‍ സൗകര്യമുള്ള വിദേശ രാജ്യങ്ങളിലെ 14 ലീഗല്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനികളില്‍ നിന്ന് ചോര്‍ത്തിയ 11.9 ദശലക്ഷം രേഖകളാണ് ഒരു വര്‍ഷം സമയമെടുത്ത് 600 മാധ്യമപ്രവര്‍ത്തകരുടെ സംഘം പരിശോധിച്ചത്. ലോക പ്രശസ്തരായവരുമായി ബന്ധമുള്ള 26,000 വിദേശ കമ്പനികളുടേയും ട്രസ്റ്റുകളുടേയും ഉടമസ്ഥര്‍ ആരാണെന്നും സംഘം അന്വേഷിച്ചു കണ്ടെത്തി.