ഏത് സമയത്തും വെടിവെക്കാൻ തയ്യാറായി തോക്കുകൾ കൈയിലേന്തി ജാഗ്രതയോടെ നിൽക്കുന്ന വലിയൊരു കൂട്ടം ഉദ്യോഗസ്ഥർ, എവിടെപ്പോയി ഒളിച്ചാലും കണ്ടുപിടിക്കാനായി ആകാശത്തിൽ ഉയർന്നു പറക്കുന്ന ഡ്രോണുകൾ, മണത്ത് കണ്ടുപിടിക്കാൻ വേട്ട നായ്ക്കൾ, തിരിച്ചുള്ള ഒരു ആക്രമണം പ്രതീക്ഷിച്ചുള്ള കനത്ത ജാഗ്രത. കൃത്യതയോടെയുള്ള നിരീക്ഷണം. ഇന്ത്യാ-പാക്ക് അതിർത്തിയിലെ യുദ്ധത്തിനുള്ള മുന്നൊരുക്കങ്ങളല്ല ഇത്. നരഭോജിയായ ഒരു കടുവയെ വേട്ടയാടാൻ തമിഴ്‌നാട്ടിലെ മസിനഗുഡിയിൽ ഒരുക്കിയ വൻ സന്നാഹങ്ങളാണിത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഒരു കടുവയെ പിടികൂടാനായി ഉറക്കമൊഴിച്ച് കാത്തിരിക്കുകയും കാട് അരിച്ചു പെറുക്കുകയുമാണ് 75 ഓളം വരുന്ന തമിഴ് നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ. കൂട്ടിനായി മയക്കുവെടി വിദഗ്ധരും കാടിനെ അടുത്തറിയുന്ന വനവാസികളുമുണ്ട്.
ഗൂഡല്ലൂരിലെയും മുതുമല കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പരിസരത്തെയും നാല് പേരെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ടി.23 എന്ന് പേരിട്ടിരിക്കുന്ന ഈ കടുവയുടെ പിന്നാലെയാണ് ഇപ്പോൾ വനം വകുപ്പിന്റെ മുഴുവൻ സന്നാഹങ്ങളും. കാട്ടിലേക്ക് മറഞ്ഞ ഈ നരഭോജിയെ മയക്കുവെടി വെച്ചോ മറ്റോ ജീവനോടെ പിടികൂടുകയാണ് ലക്ഷ്യം. വെടിവെച്ച് കൊല്ലുമെന്നാണ് പ്രചാരണമെങ്കിലും അത്തരമൊരു ഉത്തരവ് ഇതുവരെ ഇറക്കിയിട്ടില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാലും ഈ ക്രൂരൻ ഒരു പ്രത്യാക്രമണത്തിന് തുനിഞ്ഞാൽ കൊല്ലാനും വനം വകുപ്പ് മടിക്കില്ല.
കാട്ടിൽ നിന്ന് കടുവ നാട്ടിലിറങ്ങി ആളുകളെ ആക്രമിക്കാൻ തുടങ്ങിയതോടെയാണ് പൊറുതി മുട്ടിയ ഗ്രാമീണർ കടുയെ പിടികൂടണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾ സംഘടിപ്പിച്ചത്. നാലു പേർക്ക് ജീവൻ നഷ്ടമായതോടെ വനംം വകുപ്പും ഉണർന്നു. ഉന്നത ഉദ്യോഗസ്ഥർ നേരിട്ടാണ് കടുവാ വേട്ടയക്ക് രംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു വൃദ്ധനെ കൊലപ്പെടുത്തിയ ശേഷം മസിനഗുഡി ഭാഗത്ത് കുറ്റിക്കാട്ടിലേക്ക് മറഞ്ഞ ഈ നരഭോജി അധികം ദൂരം പോയിട്ടില്ലെന്നും അടുത്തെവിടെയെങ്കിലും തന്നെ പതുങ്ങിയിരിപ്പുണ്ടാകുമെന്ന് കരുതി സൂക്ഷ്മമായ തെരച്ചിലാണ് നടത്തുന്നത്. ഇവനെ വെറുതെ വിട്ടാൽ വീണ്ടും നാട്ടിലേക്കിറങ്ങി ആളുകളെ കൊലപ്പെടുത്തുമെന്ന ഭയവും വനം വകുപ്പ് ഉദ്യോഗസ്ഥർക്കുണ്ട്.
കടുവയെപ്പേടിച്ച് ഗ്രാമീണർ ദിവസങ്ങളായി പുറത്തിറങ്ങാതെ കഴിയുകയാണ്. നരഭോജിയാണെങ്കിലും ഇവനെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യം ഗ്രാമീണർക്കില്ല. പരിക്കേൽപ്പിക്കാതെ പിടികൂടി ഉൾക്കാട്ടിലേക്ക് അയക്കണമെന്നാണ് അവരുടെ ആവശ്യം. അവൻ കൺമുന്നിൽ വരും, വരാതിരിക്കില്ല എന്ന പ്രതീക്ഷയിൽ തോക്കിന്റെ ഉന്നം പിടിച്ച് കാത്തിരിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.