കാബൂള്‍- താലിബാനൊപ്പം വന്ന ആരവം ഒഴിയുമ്പോള്‍ കാബൂള്‍ തെരുവുകളില്‍ നിറയുന്നത് നിസ്സഹായരായ മനുഷ്യരുടെ വേദന. നഗരത്തിലെ പാര്‍ക്കിലും മറ്റ് ഒഴിഞ്ഞ സ്ഥലങ്ങളിലും കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക തമ്പുകളില്‍ നിസ്സംഗമായ നോട്ടമെറിഞ്ഞ് ആ അഫ്ഗാനികള്‍ കഴിയുകയാണ്. അവരെക്കുറിച്ചോര്‍ത്ത് പരിതപിക്കാന്‍ ഇപ്പോഴാരുമില്ല. നോക്കിയിരിക്കെ, ജീവിതം കൈവിട്ടുപോകുന്നതിന്റെ ആധിയിലും വ്യഥയിലുമാണ് ഈ കുടുംബങ്ങള്‍.
കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് പേരാണ് അഫ്ഗാനിലെ പുതിയ 'വിപ്ലവ'ത്തിന് ശേഷം ഇങ്ങനെ കഷ്ടപ്പെടുന്നത്. വലിയൊരു മാനുഷിക പ്രതിസന്ധിയിലേക്കാണ് അഫ്ഗാനിസ്ഥാന്‍ കൂപ്പുകുത്തുന്നത്. വിജയോന്മത്തരായി താലിബാന്‍ കുതിച്ചുപായുന്നതിനിടെ, സ്വന്തം കിടപ്പാടങ്ങളും നാടും നഷ്ടപ്പെട്ടവരാണിവര്‍. ഭീതിയോടെ നാടുപേക്ഷിച്ച് രക്ഷപ്പെട്ടവര്‍ കാബൂളിന്റെ തെരുവുകളില്‍ വന്നടിഞ്ഞിരിക്കുകയാണ്.
ആരും ഒരു സഹായവുമായി ഇതുവരെ വന്നില്ലെന്ന് ഉത്തര തഖാര്‍ പ്രവിശ്യയില്‍നിന്ന്് പലായനം ചെയ്‌തെത്തിയ നൂര്‍ ആഗ നൂരി പറഞ്ഞു. തന്റെ കുടുംബത്തില്‍നിന്ന് ഏഴു പേരാണ് ഒപ്പമുള്ളത്. ഉച്ചക്കും രാത്രിയിലും ഭക്ഷണം കഴിച്ചിട്ടില്ല- തൊട്ടിലില്‍ ഉറങ്ങുന്ന രണ്ട് കുട്ടികളെ നോക്കി നൂര്‍ പറഞ്ഞു.
താലിബാന്‍ അധികാരമേറ്റ ശേഷം പട്ടിണിയും ദാരിദ്ര്യവും കൊണ്ട് അഫ്ഗാനിസ്ഥാന്‍ വലയുകയാണ്. വരള്‍ച്ചയും കോവിഡ് മഹാമാരിയുംമൂലം നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്ന രാജ്യമാണ് വീണ്ടും അനിശ്ചിതത്വത്തിലേക്ക് വീണത്. കഴിഞ്ഞ മാസങ്ങളിലായി സ്വന്തം നാട്ടില്‍നിന്ന് പലായനം ചെയ്ത അഫ്ഗാനികളുടെ എണ്ണം അഞ്ചുലക്ഷം വരുമെന്നാണ് യു.എന്‍ കണക്ക്. ഇതില്‍ പകുതിയും കുട്ടികളാണ്.
സ്വന്തം വീടുവിട്ട് അന്യസ്ഥലങ്ങളിലേക്കോ വിദേശത്തേക്കോ പോകരുതെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. വിദേശസഹായത്തെ അവര്‍ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും കാര്യമായൊന്നും വരുന്നില്ല. താലിബാന്‍ വന്ന ശേഷം പല രാജ്യങ്ങളും സഹായം മരവിപ്പിച്ചിരിക്കുകയുമാണ്.
പാവപ്പെട്ടവരുടെ കാര്യത്തില്‍ ആര്‍ക്കാണ് താല്‍പര്യം, ആരാണ് ഞങ്ങളെ ശ്രദ്ധിക്കുന്നത്? വടക്കന്‍ കുന്തൂസ് പ്രവിശ്യയില്‍നിന്നെത്തിയ സിയ ഗുല്‍ ചോദിച്ചു. ഞങ്ങളുടെ കൂട്ടത്തില്‍ അഞ്ചു കുടുംബങ്ങളുണ്ട്,ആര്‍ക്കും സ്വന്തമായി വീടില്ല. കാബൂള്‍ പാര്‍ക്കിലെ വെറുംനിലത്ത് കിടക്കാന്‍ ഒരുങ്ങുന്നതിനിടെ ഗുല്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.