കാബൂൾ- കാബൂളിലെ പള്ളിക്ക് മുന്നിൽ നടത്തിയ സ്‌ഫോടനത്തിന് മറുപടിയെന്നോണം ഐ.എസിന്റെ കേന്ദ്രം തകർത്തതായി താലിബാൻ. ഞായറാഴ്ച ഈദ്ഗാഹ് പള്ളി പ്രവേശന കവാടത്തിന് സമീപം നടന്ന സ്‌ഫോടനത്തിൽ പ്രദേശവാസികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നിൽ ഐ.എസ് ആണെന്നാണ് താലിബാന്റെ നിഗമനം.
ഐസിസ് ഖൊറാസൻ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പ്രാദേശിക യൂണിറ്റ് താലിബാൻ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇതിനകം അവകാശപ്പെട്ടിട്ടുണ്ട്. കാബൂളിലെ പതിനേഴാമത്തെ ജില്ലയിൽ ഞായറാഴ്ച വൈകീട്ട് ഐഎസ് ഭീകരർക്കെതിരെ ഒരു പ്രത്യേക താലിബാൻ യൂണിറ്റ് ഓപ്പറേഷൻ നടത്തിയതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.