ന്യൂദൽഹി- നീറ്റ് ബിരുദ പരീക്ഷ റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ചോദ്യ പേപ്പർ ചോർന്നു എന്നും ചൂണ്ടിക്കാട്ടിയാണ് സെപ്റ്റംബർ 12ന് നടന്ന പരീക്ഷ റദ്ദാക്കണമെന്ന്് ആവശ്യപ്പെട്ട് ഹർജി നൽകിയത്. വ്യാജ പരീക്ഷാർഥികൾ പരീക്ഷ എഴുതിയതും ചോദ്യ പേപ്പർ ചോർന്നതും പരീക്ഷ എഴുതിയ ലക്ഷണക്കണക്കിനു വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.
പരീക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടെത്തിയ പരാതിക്കാരനെ കോടതി കണക്കിനു വിമർശിക്കുകയും ചെയ്തു. എന്ത് പരാതിയാണിത്. ലക്ഷക്കണക്കിന് കുട്ടികളാണ് പരീക്ഷ എഴുതിയത്. ആ പരീക്ഷ റദ്ദാക്കണമെന്നാണോ നിങ്ങളുടെ ആവശ്യം. ഇത്തരമൊരു ആവശ്യവുമായി പരാതിക്കാരൻ എത്തിയപ്പോൾ പിഴ ഈടാക്കി പരാതി തള്ളുന്ന കാര്യം കണക്കിലെടുത്തില്ലേ എന്നാണ് പരാതിക്കാരന്റെ അഭിഭാഷകനോട് ജസ്റ്റീസ് എൽ. നാഗേശ്വര റാവു ചോദിച്ചത്.
നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടും വ്യാജ പരീക്ഷാർഥികൾ പരീക്ഷയ്ക്ക് ഹാജരായതിനും അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ സി.ബി.ഐ അന്വേഷണം നടത്തിവരികയാണ്. കഴിവുള്ള ഒരു കുട്ടിക്ക് എങ്കിലും അഡ്മിഷൻ നിഷേധിക്കപ്പെട്ടാൽ അത് അംഗീകരിക്കാനാകില്ല. അതിനാൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ നിന്നും റിപ്പോർട്ട് തേടണം. പരീക്ഷയ്ക്ക് 20 മിനിറ്റ് മുമ്പ് ചോദ്യ പേപ്പർ ചോരുകയും ഉത്തരങ്ങൾ വാട്‌സ് ആപ്പിൽ പ്രചരിക്കുകയും ചെയ്തു എന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
എന്നാൽ, ആരോപണങ്ങൾ നിരാകരിക്കുന്നില്ലെന്ന് പറഞ്ഞ കോടതി അഞ്ച് എഫ്.ഐ.ആറുകളുടെ മാത്രം അടിസ്ഥാനത്തിൽ ലക്ഷക്കണക്കിന് കുട്ടികൾ എഴുതി പരീക്ഷ എങ്ങനെ റദ്ദാക്കും എന്നാണ് ചോദിച്ചത്. 7.5 ലക്ഷത്തോളം കുട്ടികൾ എഴുതിയ പരീക്ഷ കോടതിക്കു റദ്ദാക്കാനാകില്ല. ദേശീയ തലത്തിൽ നടത്തിയ പരീക്ഷയാണിതെന്നും ജസ്റ്റീസ് റാവു ചൂണ്ടിക്കാട്ടി. ആദ്യം അഞ്ചു ലക്ഷം രൂപ പിഴയിട്ട് ഹർജി തള്ളിയ കോടതി പിന്നീട് അഭിഭാഷകന്റെ അഭ്യർഥന പ്രകാരം പിഴ തുക ഒഴിവാക്കി.