ന്യൂദല്‍ഹി- ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിചേര്‍ക്കപ്പെട്ട വ്യാജ ഏറ്റമുട്ടല്‍ കൊലക്കേസില്‍ വാദം കേട്ട ജഡ്ജി ബി. എച്ച്. ലോയയുടെ ദുരുഹ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹരജികളില്‍ സുപ്രീം കോടതി വാദം കേട്ടു. ലോയയുടെ അന്ത്യനിമിഷങ്ങളില്‍ കൂടെ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന നാല് ജഡ്ജിമാരുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതു സംബന്ധിച്ചു കോടതിക്കു ലഭിച്ച തെളിവുകള്‍ പരിശോധിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എം.എം. ഖന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ബോംബെ ലോയേഴ്സ് അസോസിയേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ഇതു സംബന്ധിച്ച തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.
ലോയയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ജഡ്ജിമാരുടെ പെരുമാറ്റം ചോദ്യം ചെയ്യപ്പെടണമെന്നും ദവെ കോടതിയോട് ആവശ്യപ്പെട്ടു. ചില വിപല്‍ഘട്ടങ്ങളില്‍ നല്ല വ്യക്തികളുടെ പ്രതികരണം മറ്റൊരു തരത്തില്‍ ആകാമായിരുന്നുവെന്ന് ചിലര്‍ക്ക് തോന്നിയേക്കാമെന്നും എന്നാല്‍ അവരുടെ പെരുമാറ്റം സത്യത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമാണെന്ന് പറയാനാവില്ലെന്നും മറുപടിയായി കോടതി ചൂണ്ടിക്കാട്ടി.
ലോയയെ ആശുപത്രിയിലേക്ക് അനുഗമിച്ചെന്ന് പറയപ്പെടുന്ന നാലു ജഡ്ജിമാരില്‍ ആരും മരണ സമയം കൂടെ ഉണ്ടായിരുന്നില്ലെന്ന് ദവെ തെളിവുകള്‍ നിരത്തി വ്യക്തമാക്കി. രേഖകളില്‍ ഗൗരവമേറിയ വൈരുധ്യങ്ങളുണ്ടെന്നും ദവെ വാദിച്ചു. 2014 ഡിസംബര്‍ ഒന്നിനു നാഗ്പൂരില്‍വെച്ച് ഹൃദയാഘാതം മൂലം ലോയ മരിച്ചുവെന്നാണ് ഔദ്യോഗിക രേഖകള്‍. സഹ ജഡ്ജായിരുന്ന സ്വപ്ന ജോഷിയുടെ മകളുടെ വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ എത്തിയതായിരുന്നു ലോയ.
ലോയയെ ആശുപത്രിയിലേക്ക് അനുഗമിച്ചെന്ന് പറയപ്പെടുന്ന നാലു ജഡ്ജിമാരില്‍ ആരും മരണ സമയം കൂടെ ഉണ്ടായിരുന്നില്ലെന്ന് ദവെ തെളിവുകള്‍ നിരത്തി വ്യക്തമാക്കി. രേഖകളില്‍ ഗൗരവമേറിയ വൈരുധ്യങ്ങളുണ്ടെന്നും ദവെ വാദിച്ചു. 2014 ഡിസംബര്‍ ഒന്നിനു നാഗ്പൂരില്‍വെച്ച് ഹൃദയാഘാതം മൂലം ലോയ മരിച്ചുവെന്നാണ് ഔദ്യോഗിക രേഖകള്‍. സഹ ജഡ്ജായിരുന്ന സ്വപ്ന ജോഷിയുടെ മകളുടെ വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ എത്തിയതായിരുന്നു ലോയ.
ലോയയുടെ ബന്ധുവെന്ന് പറയപ്പെടുന്ന ഡോ. പ്രശാന്ത് രതിയാണ് ലോയയുടെ മരണം പോലീസിനെ അറിയിച്ചതെന്ന് പോലീസ് രേഖകളിലുണ്ട്. എന്നാല്‍ കൂടെ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന നാലു ജഡ്ജിമാരില്‍ ആരെങ്കിലുമൊരാള്‍ എന്തു കൊണ്ട് പോലീസില്‍ വിവരമറിയിച്ചില്ലെന്ന് ദവെ ചോദിച്ചു. ലോയയുടെ മരണവുമായി ബന്ധപ്പെട്ട വിവിധ രേഖകളിലെ തീയതികളിലും സമയങ്ങളിലും വൈരുധ്യമുണ്ടെന്നും ഇവ പിന്നീടുണ്ടായ ചിന്തയാല്‍ കെട്ടിച്ചമച്ചതാണെന്നും ദവെ ചൂണ്ടിക്കാട്ടി. പോലീസും രേഖകളില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്ന് അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.
ലോയയെ തൊട്ടടുത്തുള്ള പ്രമുഖ ആശുപത്രികളിലൊന്നും കൊണ്ടു പോകാതെ മൂന്നാംകിട ആശുപത്രിയില്‍ കൊണ്ടു പോയതും സംശയങ്ങള്‍ ബാക്കിയാക്കുന്നുവെന്ന് ദവെ പറഞ്ഞു. മെഡിട്രിന ഹോസ്പിറ്റലിലേക്ക് മരിച്ച ലോയയെ ആണ് കൊണ്ടു വന്നതെന്ന് പോലീസ് രേഖകള്‍ പറയുമ്പോള്‍ മെഡിട്രിന ബില്ലുകള്‍ മറ്റൊരു തരത്തിലാണ്. പല രേഖകളിലും അധിക എഴുത്തുകള്‍ ഉണ്ടെന്നും യഥാര്‍ത്ഥ രേഖകള്‍ തന്നെ കൊണ്ടുവരാന്‍ കോടതി ആവശ്യപ്പെടണമെന്നും ഇതിനിടെ ഇടപെട്ട മുതിര്‍ന്ന അഭിഭാഷക ഇന്ദിര സാഹ്നി ആവശ്യപ്പെട്ടു.
ലോയ മരിക്കുമ്പോള്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സുഹ്റാബുദ്ദാന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ വാദം കേള്‍ക്കുന്ന സിബിഐ ജഡ്ജി ആയിരുന്നു. ലോയയുടെ മരണ ശേഷം അമിത് ഷാ പിന്നീട് കുറ്റ വിമുക്തനാക്കപ്പെട്ടു. എന്നാല്‍ ഇതിനെതിരെ ഇതുവരെ സിബിഐ അപ്പീല്‍ നല്‍കിയിട്ടില്ല.