മലപ്പുറം- ജില്ലയിലെ ബാങ്കുകളിൽ പ്രവാസികളുടെ നിക്ഷേപത്തിൽ നേരിയ വർധന.ജൂൺ പാദത്തിലെ ജില്ലാ തല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് പ്രവാസി നിക്ഷേപത്തിന്റെ കണക്കുകൾ അവതരിപ്പിച്ചത്. മാർച്ച് പാദത്തിലെ നിക്ഷേപത്തേക്കാൾ 584 കോടി രൂപയുടെ വർധനവാണ് ഈ പാദത്തിൽ ഉണ്ടായിട്ടുള്ളത്.മാർച്ചിൽ ജില്ലയിലെ ബാങ്കുകളിൽ 13302 കോടി രൂപയാണ് പ്രവാസി നിക്ഷേപമായി ഉണ്ടായിരുന്നത്. ജൂൺ പാദത്തിൽ അത് 13886 കോടി രൂപയായാണ് വർധിച്ചത്.ജില്ലയിലെ മൊത്തം നിക്ഷേപത്തിൽ കൂടുതലും പ്രവാസികളുടെ പണമാണ്.
ജില്ലയിലെ ബാങ്കുകളിലെ മൊത്തം നിക്ഷേപം 1491 കോടി വർധിച്ച് 45767 കോടിയായതായി യോഗം വിലയിരുത്തി. ഇതിൽ പ്രവാസി നിക്ഷേപമാണ് കൂടുതലെന്നും യോഗം വിലയിരുത്തി. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 59.88 ശതമാനമാണ്. കേരള ഗ്രാമീണ ബാങ്കിൽ 70 ശതമാനവും കനറബാങ്കിൽ 64 ശതമാനവും എസ്.ബി.ഐയിൽ 33 ശതമാനവും ഫെഡറൽ ബാങ്കിൽ 26 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്കിൽ 43 ശതമാനവുമാണ് വായ്പാ നിക്ഷേപ അനുപാതം. വാർഷിക ക്രെഡിറ്റ് പ്ലാനിന്റെ 19 ശതമാനം ജില്ലയിലെ ബാങ്കുകൾക്ക് നേടാനായിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ മുൻഗണനാ വിഭാഗത്തിൽ 1633 കോടിയാണ് വിവിധ ബാങ്കുകൾ വായ്പയായി നൽകിയത്. മറ്റ് വിഭാഗങ്ങളിൽ 1619 കോടി വായ്പയും നൽകിയിട്ടുണ്ട്.
സാധാരണക്കാരായ ജനവിഭാഗങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ചെറുകിട വായ്പകൾ കൂടുതലാളുകൾക്ക് നൽകാൻ ജില്ലയിലെ ബാങ്കുകൾ തയ്യാറാകണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ വികസന കമ്മീഷണർ എസ്. പ്രേംകൃഷ്ണൻ പറഞ്ഞു. പട്ടികജാതി-പട്ടികവിഭാഗം, വനിതകൾ, ന്യൂനപക്ഷ വിഭാഗക്കാർ എന്നിവർക്ക് തടസരഹിതമായി വായ്പകൾ ലഭ്യമാക്കണം. വിദ്യാഭ്യാസ വായ്പകൾ അനുവദിക്കുന്നതിൽ കാലതാമസമുണ്ടാകരുതെന്നും ബാങ്കുകൾക്ക് നിർദേശം നൽകി.
സാമൂഹിക സുരക്ഷ പദ്ധതികൾ ബാങ്കുകൾ പ്രോത്സാഹിപ്പിക്കണം. ജില്ലയിലെ കർഷകരുടെ വരുമാനം 2022 ആകുമ്പോഴേക്കും ഇരട്ടിയാക്കുന്നതിനായി വായ്പകൾ നൽകുന്നതിന് മുൻഗണന നൽകണം. തെരുവോര കച്ചവടക്കാരുടെ ഉന്നതിക്കായുള്ള പദ്ധതികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും അനർഹരായവരെ കണ്ടെത്തി ഒഴിവാക്കണമെന്നും വികസന കമ്മീഷണർ നിർദേശം നൽകി. സാമ്പത്തിക ശേഷിയില്ലാത്തവരുടെ ക്ഷേമം കണക്കിലെടുത്ത് ബാങ്കുകൾ നിയമപരമായും മാനുഷികമായും നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ വികസനകമ്മീഷണർ അഭ്യർത്ഥിച്ചു.എന്നാൽ കോവിഡ് സാഹചര്യമായതിനാൽ വായ്പ അനുവദിക്കുന്നതിൽ കുറവുണ്ടായെന്നും വിവിധ ബാങ്കുകളെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
യോഗത്തിൽ ആർ.ബി.ഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ പ്രദീപ് കൃഷ്ണ മാധവു, നബാഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, കനറാ ബാങ്ക് എ.ജി.എം ഷീബ സഹജൻ, ലീഡ് ബാങ്ക് മാനേജർ പി.പി ജിതേന്ദ്രൻ എന്നിവർ സംസാരിച്ചു.