സ്റ്റോക്‌ഹോം- പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുന്ന കാർട്ടൂൺ വരച്ച് ലോക മുസ്‌ലിംകളുടെ വികാരങ്ങൾ വ്രണപ്പെടുത്തിയ സ്വീഡിഷ് കാർട്ടൂണിസ്റ്റ് ലാർസ് വിൽക്‌സ് കൊല്ലപ്പെട്ട വാഹനാപകടത്തിൽ ഗൂഢാലോചന സംശയിക്കുന്നില്ലെന്ന് സ്വീഡിഷ് പോലീസ്. സുരക്ഷാ ചുമതലയുള്ള രണ്ടു പോലീസുകാർക്കൊപ്പം സിവിൽ പോലീസ് വാഹനത്തിൽ സ്റ്റോക്ക്‌ഹോം നഗരത്തിൽ നിന്ന് ദക്ഷിണ സ്വീഡനിലേക്ക് സഞ്ചരിക്കുന്നതിനിടെ പോലീസ് വാഹനം ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ലാർസ് വിൽക്‌സ് മരിച്ചത്. അപകടത്തിൽ പോലീസ് വാഹനത്തിലും ട്രക്കിലും തീ പടർന്നുപിടിക്കുകയും ലാർസ് വിൽക്‌സിന്റെ ശരീരം കത്തിക്കരിയുകമായിരുന്നു. ദക്ഷിണ സ്വീഡനിലെ മാർകാരിഡ് നഗരത്തിന് സമീപം ഇ-4 എക്‌സ്പ്രസ്‌വേയിലാണ് അപകടം. ലാർസ് വിൽക്‌സിനൊപ്പമുണ്ടായിരുന്ന രണ്ടു പോലീസുകാരും അപകടത്തിൽ മരണപ്പെട്ടു. ട്രക്ക് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണങ്ങളെ കുറിച്ച് സ്വീഡിഷ് പോലീസ് അന്വേഷണം തുടരുകയാണ്.
പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന ലാർസ് വിൽക്‌സിന്റെ കാർട്ടൂൺ 2007 ലാണ് സ്വീഡിഷ് പത്രത്തിൽ പ്രസിദ്ധീകരിച്ചത്. ഇത് ലോകത്തെങ്ങുമുള്ള മുസ്‌ലിംകളെ ഏറെ പ്രകോപിതരാക്കിയിരുന്നു. ഇതിനു ശേഷം വധഭീഷണികളെ തുടർന്ന് ഇയാൾ ഇരുപത്തിനാലു മണിക്കൂറും പോലീസ് സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്.
അപകടത്തിൽ ഗൂഢാലോചന സംശയിക്കുന്നില്ലെന്ന് സ്വീഡിഷ് പോലീസ് പറഞ്ഞു. പോലീസ് വാഹനം അമിത വേഗത്തിലായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിയന്ത്രണം വിട്ട പോലീസ് വാഹനം ട്രക്കിൽ ഇടിക്കുകയായിരുന്നു. ഡച്ച് പത്രം പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂണുകൾ പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനു ശേഷമാണ് സ്വീഡിഷ് പത്രം ലാർസ് വിൽക്‌സിന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. വലിയ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ച് സ്വീഡിഷ് പ്രധാനമന്ത്രി ഫ്രെഡ്രിക് റൈൻഫെൽഡ് 22 മുസ്‌ലിം രാജ്യങ്ങളുടെ അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
1946 ൽ ദക്ഷിണ സ്വീഡനിലലെ ഹെൽസിംഗ്ബർഗിൽ ജനിച്ച ലാർസ് വിൽക്‌സ് നാലു ദശകത്തോളം കാർട്ടൂണിസ്റ്റ് ആയി ജോലി ചെയ്തിട്ടുണ്ട്.
ഏതാനും വിവാദ കാർട്ടൂണുകൾ വരച്ചതോടെയാണ് പ്രശസ്തനായി മാറിയത്. 2007 ൽ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂൺ വരക്കുന്നതിനു മുമ്പ് ഇയാൾ സ്വീഡന് പുറത്ത് അറിയപ്പെട്ടിരുന്നില്ല. പ്രവാചകൻ മുഹമ്മദ് നബിയെ നായയായി ചിത്രീകരിക്കുന്ന കാർട്ടൂൺ ആണ് വരച്ചിരുന്നത്. 2010 ൽ ദക്ഷിണ സ്വീഡനിലെ ഇയാളുടെ വീട് രണ്ടു പേർ അഗ്നിക്കിരയാക്കാൻ ശ്രമിച്ചിരുന്നു. 2014 ൽ അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്തുള്ള വനിത വിൽക്‌സിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായി കുറ്റസമ്മതം നടത്തുകയും ചെയ്തു. തൊട്ടടുത്ത വർഷം ഡെന്മാർക്കിലെ കോപൻഹേഗിൽ ലാർസ് വിൽക്‌സ് പങ്കെടുത്ത ചടങ്ങിൽ ആയുധധാരി നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ബ്രിട്ടീഷ് സാഹിത്യകാരൻ സൽമാൻ റുശ്ദിക്കെതിരായ ഇറാൻ ഫത്‌വ പുറപ്പെടുവിച്ചതിന്റെ 25-ാം വർഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയുണ്ടായ വെടിവെപ്പിൽ ലാർസ് വിൽക്‌സ് ആയിരുന്നു ആയുധധാരിയുടെ ലക്ഷ്യമെന്ന് വ്യാപകമായി കരുതപ്പെട്ടിരുന്നു.