മുംബൈ- ആഡംബര കപ്പലിൽ ലഹരി വിരുന്ന് നടത്തിയ കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യമില്ല. ബോളിവുഡ് നടൻ ഷാരുഖ് ഖാന്റെ മകനായ ആര്യൻ ഖാനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. 23 വയസുള്ള ആര്യൻ ഖാൻ നിലവിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലാണ്. അടുത്ത വ്യാഴാഴ്ച വരെയാണ് ആര്യൻ ഖാനെ എൻ.സി.ബിയുടെ കസ്റ്റഡിയിൽ വിട്ടത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇത് തുടരേണ്ടതുണ്ടെന്നും വാദിക്കും പ്രതിക്കും ഇത് നല്ലതാണെന്നും ജഡ്ജ് വ്യക്തമാക്കി. ജാമ്യം അനുവദിക്കില്ലെന്ന ജഡ്ജിയുടെ തീരുമാനത്തോട് ആര്യൻ ഖാൻ നിശബ്ദമായാണ് പ്രതികരിച്ചത്. അതേസമയം, കൂട്ടുപ്രതികളായ അർബ്രാസ് മർച്ചന്റും നടിയും മോഡലുമായ മൂൺമൂൺ ധമേച്ചയും കുഴഞ്ഞുവീണു. ഇവരടക്കം എട്ടു പ്രതികളാണ് കേസിൽ ഇതേവരെ അറസ്റ്റിലായത്.
ശനിയാഴ്ച രാത്രിയാണ് കോർഡേലിയ ക്രൂസ് എന്ന ആഡംബര കപ്പലിൽ റെയ്ഡ് നടത്തി ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ എൻ.സി.ബി സംഘം കസ്റ്റഡിയിലെടുത്തത്. കപ്പലിൽ ലഹരിപ്പാർട്ടി നടക്കുന്നതിനിടെ യാത്രക്കാരെന്ന വ്യാജേന കപ്പലിൽ കയറിയ എൻ.സി.ബി ഉദ്യോഗസ്ഥർ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് എം.ഡി.എം.എ, കൊക്കെയ്ൻ, ഹാഷിഷ് ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. തുടർന്ന് ഇവരെ മുംബൈയിലെ എൻ.സി.ബി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. 17 മണിക്കൂറോളമാണ് ചോദ്യംചെയ്യൽ തുടർന്നത്. പിന്നാലെ മുംബൈയിലെ മറ്റു ചില കേന്ദ്രങ്ങളിലും എൻ.സി.ബി സംഘം റെയ്ഡ് നടത്തി.
കപ്പലിലെ പാർട്ടിക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയവരെ കണ്ടെത്താനായിരുന്നു റെയ്ഡ്. ലഹരിപ്പാർട്ടി നടത്തിയ ആഡംബരക്കപ്പലായ കോർഡെലിയ ക്രൂസിൽ വമ്പൻ പരിപാടികൾക്കാണ് പദ്ധതിയിട്ടിരുന്നത്. മൂന്ന് ദിവസം നീളുന്ന സംഗീത പരിപാടിയുടെ ഭാഗമായാണ് കപ്പലിൽ പാർട്ടി നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ രണ്ട് മുതൽ നാല് വരെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂസ് കപ്പലിൽ പാർട്ടി നടത്താൻ നിശ്ചയിച്ചിരുന്നത്.
കപ്പലിലെ ലഹരിപ്പാർട്ടിയെ സംബന്ധിച്ച് 15 ദിവസം മുമ്പ് തന്നെ എൻ.സി.ബിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നതായാണ് റിപ്പോർട്ട്. പാർട്ടി നടക്കുമെന്നും നിരോധിത ലഹരിമരുന്നുകൾ ഉപയോഗിച്ചേക്കുമെന്നും സൂചനകളുണ്ടായിരുന്നു. തുടർന്നാണ് എൻ.സി.ബി സംഘം യാത്രക്കാരെന്ന വ്യാജേന കപ്പലിൽ കയറിയത്.