ന്യൂദല്‍ഹി- കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ച് കേസ് കോടതി പരിഗണനയിലിക്കെ കര്‍ഷകര്‍ എന്തിന് പ്രതിഷേധിച്ചു കൊണ്ടിരിക്കുന്നുവെന്ന് സുപ്രീം കോടതിയുടെ ചോദ്യം. കേസ് കോടതി പരിഗണിനയിലിരിക്കെ കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടോ എന്ന് പരിശോധിക്കുമെന്നും രൂക്ഷമായ ഭാഷയില്‍ സുപ്രീം കോടതി പറഞ്ഞു. ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുമതി തേടി ഒരു കര്‍ഷക സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം. കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ സമ്പൂര്‍ണ അവകാശമുണ്ടോ എന്ന് കാര്യം ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ഒക്ടോബര്‍ 21ന് തീരുമാനിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എഎം ഖന്‍വില്‍ക്കര്‍, സി ടി രവികുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ ഹര്‍ജി പരിഗണിക്കുന്നത്.
ഞായറാഴ്ച യുപിയിലെ ലഖിംപൂര്‍ ഖേരിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തെ പോലുള്ളവ ഉണ്ടാകാതിരിക്കാന്‍ ഇനി കര്‍ഷകര്‍ സമരം ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ജന്തര്‍ മന്ദറില്‍ 200 കര്‍ഷകരെ പങ്കെടുപ്പിച്ച് സത്യഗ്രഹം നടത്താന്‍ അനുമതി തേടി രാജസ്ഥാനിലെ കര്‍ഷക സംഘടനയായ കിസാന്‍ മഹാപഞ്ചായത്താണ് സുപ്രീം കോടതിയെ സമീപിച്ചത്. കര്‍ഷക സമരത്തിനെതിരെ സുപ്രീം കോടതി നേരത്തെ ശക്തമായി പ്രതികരിച്ചിരുന്നു. കര്‍ഷക സമരം നഗരത്തെ ശ്വാസംമുട്ടിക്കുന്നുവെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഹൈവെ തടയുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരല്ലെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി കിസാന്‍ മഹാപഞ്ചായത്ത് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.