സ്‌റ്റോക്‌ഹോം- പ്രവാചകൻ മുഹമ്മദ് നബിയുടെ വിവാദ കാർട്ടൂൺ വരച്ച സ്വീഡിഷ് കാർട്ടൂണിസ്റ്റ് ലാർസ് വിൽക്‌സ്(75)വാഹനാപകടത്തിൽ മരിച്ചു. സൗത്തേൺ സ്വീഡനിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ലാർസിനൊപ്പം സഞ്ചരിച്ച രണ്ട് പോലീസുകാരും മരിച്ചു. ട്രക്ക് ഡ്രൈവർക്കും പരിക്കേറ്റു. 2007 ലാണ് ലാർസ് വിവാദ കാർട്ടൂൺ വരച്ചത്. പട്ടിയുടെ ശരീരത്തിനു പ്രവാചകൻ നബിയുടെ തല വെച്ചായിരുന്നു അദ്ദേഹത്തിന്റെ കാർട്ടൂൺ. ഇത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തെ പറ്റി വിശദമായി അന്വേഷിക്കുമെന്ന് സ്വീഡിഷ് പോലീസ് വ്യക്തമാക്കി.