Sorry, you need to enable JavaScript to visit this website.

നേതാക്കള്‍ യുപിയിലേക്ക്, ലഖിംപൂര്‍ പ്രതിഷേധം കനക്കുന്നു

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ കര്‍ഷക സമരക്കാര്‍ക്കു നേരെ കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനും സംഘവും കാറോടിച്ച് കയറ്റി കര്‍ഷകരെ കൊന്ന സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. നാലു കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ ഇതുവരെ ഒമ്പതു പേരാണ് ലഖിംപൂര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഇവിടേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളെ തടഞ്ഞുവച്ചിരിക്കുകയാണ്. ലഖിംപൂരിലെത്തുമെന്ന്് ദല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരം നയിക്കുന്ന കര്‍ഷക നേതാവ് രാകേഷ് ടികായത്തും പ്രഖ്യാപിച്ചു. യുപിയിലേക്കു പ്രവേശിക്കുന്ന അതിര്‍ത്തികളും പോലീസ് അടച്ചിരിക്കുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ലഖിംപൂര്‍ സന്ദര്‍നത്തിന് അനുമതി തേടിയിട്ടുണ്ട്. ലഖിംപൂരില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങാന്‍ സൗകര്യമൊരുക്കുണമെന്നാണ് ചന്നി യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ഷകര്‍ കൊല്ലപ്പെട്ടതില്‍ ചണ്ഡീഗഢിലെ ഗവര്‍ണറുടെ വസതിക്കു സമീപം പ്രതിഷേധിച്ച പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിങ് സിദ്ദുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മജ്ലിസ് പാർട്ടി നേതാവ് അസദുദ്ദീൻ ഉവൈസിയും ലഖിംപുർ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.


 

Latest News