ന്യൂദല്‍ഹി- നികുതി വെട്ടിച്ച് അനധികൃതമായി വിദേശ രാജ്യങ്ങളില്‍ വന്‍ സമ്പാദ്യം പൂഴ്ത്തിവെച്ച വ്യവസായ പ്രമുഖരുടേയും ലോക നേതാക്കളുടേയും സെലിബ്രിറ്റികളുടേയും രഹസ്യ രേഖകള്‍ വീണ്ടും പുറത്തു വന്നു. ലോകത്തൊട്ടാകെ ഏറെ കോളിളക്കമുണ്ടാക്കിയ പാനമ രേഖകള്‍ക്കു ശേഷം പണ്ടോറ രേഖകള്‍ എന്ന പേരിലാണ് ഇപ്പോള്‍ പുതിയ വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള പല പ്രമുഖരുടെ വിവരങ്ങളും ഉള്‍പ്പെടും. താന്‍ പാപ്പരാണെന്ന് ബ്രിട്ടീഷ് കോടതിയില്‍ വാദിച്ച റിലയന്‍സ് എഡിഎ ഗ്രൂപ്പ് മേധാവി അനില്‍ അംബാനി ജേഴ്‌സി, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്, സൈപ്രസ് എന്നിവടങ്ങളിലായി 18 കമ്പനികളിലായാണ് പണം നിക്ഷേപിച്ചിട്ടുള്ളത്. ഇവയില്‍ ഏഴു കമ്പനികള്‍ 1.3 ശതകോടി ഡോളറിന്റെ നിക്ഷേപങ്ങളും കടമെടുപ്പുമാണ് നടത്തിയിട്ടുള്ളത്.
പഞ്ചാബ് നാഷണനല്‍ ബാങ്കില്‍ നിന്ന് 14000 കോടി വെട്ടിച്ച് ഇന്ത്യയില്‍ നിന്ന് മുങ്ങിയ വജ്രവ്യാപാരി നിരവ് മോഡിയുടെ സഹോദരി നിരവ് മുങ്ങുന്നതിന്റെ ഒരു മാസം മുമ്പ് വിദേശത്ത് ഒരു ട്രസ്റ്റ് തട്ടിക്കൂട്ടി പണം അങ്ങോട്ട് മാറ്റിയതായും പണ്ടോര രേഖകളില്‍ പറയുന്നു. പ്രമുഖ ടെക് സംരംഭക കിരണ്‍ മജുംദാര്‍ ഷായുടെ ഭര്‍ത്താവ് ഒരു ഇന്‍സൈഡര്‍ ട്രേഡറുമൊന്നിച്ച് വിദേശത്ത് ട്രസ്റ്റ് രൂപീകരിച്ചതായും രേഖകളിലുണ്ട്. ക്രിക്കറ്റ് താരം സചിന്‍ ടെന്‍ഡുല്‍ക്കറും രഹസ്യ ഇടപാട് നടത്തിയിട്ടുണ്ട്. 300ലധികം പേരാണ് ഇന്ത്യക്കാരുടേതായി പണ്ടോറ രേഖകളിലുള്ളത്. ഇവരില്‍ 60 പേര്‍ പ്രബലരും പ്രശസ്തരുമാണ്. വരും ദിവസങ്ങളില്‍ ഇവരുടെ രഹസ്യ നിക്ഷേപങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരും.
ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് (ICIJ) 117 രാജ്യങ്ങളിലെ 150 മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള 600 അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി നടത്തിയ അന്വേഷണ റിപോര്‍ട്ടാണ് പണ്ടോറ രേഖകള്‍ എന്ന പേരില്‍ പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് ഈ അന്വേഷണത്തിന്റെ ഭാഗമായത്. നികുതി വെട്ടിച്ച് സമ്പാദ്യം പൂഴ്ത്തിവെക്കാന്‍ സൗകര്യമുള്ള വിദേശ രാജ്യങ്ങളിലെ 14 ലീഗല്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനികളില്‍ നിന്ന് ചോര്‍ത്തിയ 11.9 ദശലക്ഷം രേഖകളാണ് ഒരു വര്‍ഷം സമയമെടുത്ത് 600 മാധ്യമപ്രവര്‍ത്തകരുടെ സംഘം പരിശോധിച്ചത്. ലോക പ്രശസ്തരായവരുമായി ബന്ധമുള്ള 26,000 വിദേശ കമ്പനികളുടേയും ട്രസ്റ്റുകളുടേയും ഉടമസ്ഥര്‍ ആരാണെന്നും സംഘം അന്വേഷിച്ചു കണ്ടെത്തി.