ന്യൂയോര്‍ക്ക്- നാലു പതിറ്റാണ്ട് ഇടവേളക്കു ശേഷം യു.എന്‍ രക്ഷാ സമിതിയില്‍ കുവൈത്തിന് വീണ്ടും അധ്യക്ഷ പദവി ലഭിച്ചു. കുവൈത്തിന്റെ യു.എന്‍ സ്ഥിരം പ്രതിനിധി മന്‍സൂര്‍ അയ്യാദ് അല്‍ ഉതൈബി ആയിരിക്കും ഇനി ഒരു മാസത്തേക്ക് യു.എന്‍ സമതിയെ നയിക്കുക. ചുമതലയേറ്റയുടന്‍ ഉതൈബി ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസിനെ യു.എന്‍ രക്ഷാ സമിതി യോഗത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചു. ഈ മാസം 20ന് അബ്ബാസ് സമിതിയെ ഫലസ്തീന്‍ വിഷയത്തില്‍ അഭിസംബോധന ചെയ്യും. ഫലസ്തീന്‍ പ്രസിഡന്റിന് പറയാനുള്ളത് നേരിട്ട് കേള്‍ക്കുക എന്നത് നല്ലകാര്യമാണ്. ഈ വിഷയത്തില്‍ നേരിട്ട് ബന്ധപ്പെടുന്ന ആളാണ് അദ്ദേഹം-ഉതൈബി പറഞ്ഞു.
അറബ് മേഖലയില്‍നിന്നുള്ള ഏക അംഗരാജ്യം എന്ന നിലയില്‍ ഫലസ്തീന്‍, ഇറാഖ്, സിറിയ, യെമന്‍, ലിബിയ തുടങ്ങി മേഖലയിലെ എല്ലാ വിഷയങ്ങളും ചര്‍ച്ചക്കെടുക്കാന്‍ കുവൈത്ത് മുന്‍ഗണന നല്‍കുമെന്ന് ഉതൈബി അറിയിച്ചു.
2017 ജൂണിലാണ് കുവൈത്ത് യു.എന്‍ രക്ഷാ സമിതി താല്‍ക്കാലിക അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് സ്ഥിരാംഗങ്ങളെ കൂടാതെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ തെരഞ്ഞെടുക്കപ്പെടുന്ന 10 താല്‍ക്കാലിക അംഗ രാജ്യങ്ങളാണ് സമിതിയിലുണ്ടാവുക. യുഎസ്, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവരാണ് സ്ഥിരാംഗങ്ങള്‍. കുവൈത്തിനെ കൂടാതെ സ്വീഡന്‍, ബൊളീവിയ, എത്യോപിയ, നെതര്‍ലാന്‍ഡ്‌സ്, കസാഖിസ്ഥാന്‍, ഐവറി കോസ്റ്റ്, ഇക്വറ്റോറിയല്‍ ഗിനിയ, പോളണ്ട്, പെറു എന്നീ രാജ്യങ്ങളാണ് നിലവിലെ താല്‍ക്കാലികാംഗങ്ങള്‍.