ആലപ്പുഴ- കെ.കെ. രാമചന്ദ്രൻ നായരുടെ വിയോഗത്തിന്റെ ദുഃഖം ചെങ്ങന്നൂരിന്റെ അന്തരീക്ഷം വിട്ടുപോകുംമുമ്പേ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന്റെ ചർച്ചകൾ ചൂടുപിടിച്ചുതുടങ്ങി. ഇടതു-വലതു-ബി.ജെ.പി മുന്നണികളിൽ സ്ഥാനാർഥികളെ സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നൊഴുകുകയാണ്.
സിറ്റിംഗ് സീറ്റ് നിലനിർത്താൻ ആരെ ഇറക്കണമെന്ന് സി.പി.എം തല പുകഞ്ഞാലോചിക്കുന്നു. സർക്കാർ, പാർട്ടി മെഷീനറികളെല്ലാം ചെങ്ങന്നൂരിലെ വിജയത്തിനായി ഇടതു മുന്നണി ഉപയോഗിക്കുമെന്നതിൽ തർക്കമില്ല. മുന്നണിക്കും സി.പി.എമ്മിനും വിജയമല്ലാതെ മറ്റൊന്നും ചിന്തിക്കാനാവില്ല.
അതേസമയം 2016ലെ ഇടതു തരംഗത്തിൽ കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളുടെ ആലയിലാണ് യു.ഡി.എഫ്. മാണിയും വീരേന്ദ്രകുമാറും ഇക്കുറി കൂട്ടിനില്ലാത്തതൊന്നും കോൺഗ്രസ് ഗൗനിക്കുന്നില്ല. സർക്കാരിന്റെ ജനവിരുദ്ധത യു.ഡി.എഫ് പാടി നടക്കുമ്പോൾ അത് ജനങ്ങളിൽ എത്രത്തോളമെത്തിയെന്നതിന്റെ ലഘുപരീക്ഷണം കൂടിയാണ് ചെങ്ങന്നൂർ തെരഞ്ഞെടുപ്പ്. മധ്യകേരളത്തിൽ ആദ്യമായി 40000ന് മുകളിൽ വോട്ടുനേടാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കഴിഞ്ഞെങ്കിൽ ഇത്തവണ അതിൽനിന്ന് താഴേക്ക് പോയാലുള്ള നാണക്കേട് രാജസ്ഥാനിൽ സംഭവിച്ചതിനേക്കാൾ വലുതായിരിക്കും.
കായംകുളത്ത് നടന്ന സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പുതിയ ഭാരവാഹികളുടെ ആദ്യയോഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഹ്രസ്വപ്രസംഗത്തിലുടനീളം ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പായിരുന്നു മുന്തി നിന്നത്.'ഏതു വിധേനയും ചെങ്ങന്നൂർ മറികടക്കണം. അതിന് എന്ത് വിലകൊടുക്കാനും തയാറാണ്. ഞാനും മന്ത്രിമാരും എം.എൽ.എമാരും സംവിധാനവുമെല്ലാം ആലപ്പുഴ കമ്മിറ്റിക്ക് സഹായത്തിനുണ്ടാകും. ജയത്തിൽ കുറഞ്ഞതൊന്നും വേണ്ട. ഇതാണ് പിണറായി പുതിയ കമ്മിറ്റിക്ക് മുമ്പിൽ വെച്ച ഡിമാന്റ്.
സി.പി.എം സംസ്ഥാന നേതൃത്വം പറയുന്നത് വള്ളിപുള്ളി വിടാതെ അനുസരിക്കുന്ന ജില്ലാ സെക്രട്ടറി അടങ്ങുന്നതാണ് ആലപ്പുഴയിലെ പാർട്ടി നേതൃത്വം. രണ്ടാം തവണ ജില്ലാ സെക്രട്ടറിയാകുന്ന സജി ചെറിയാന് സ്വന്തം നാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ വിജയം നേടി പാർട്ടി നേതൃത്വത്തിനോട് നന്ദി പ്രകടിപ്പിക്കുകയും വേണം.
കെ.കെ. രാമചന്ദ്രൻ നായർ യു.ഡി.എഫിൽനിന്ന് പിടിച്ചെടുത്തുതന്ന മണ്ഡലം വലിയ ഭൂരിപക്ഷമൊന്നുമില്ലെങ്കിലും എങ്ങനെയും നിലനിർത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ സജിയും കൂട്ടരും ചെങ്ങന്നൂരിൽ ആരംഭിച്ചുകഴിഞ്ഞു.
നടി മഞ്ജുവാര്യർ സി.പി.എം സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ജില്ലാ സെക്രട്ടറിതന്നെ കഴിഞ്ഞ ദിവസം അത് തള്ളി. ഒന്നാന്തരം നടിയായ മഞ്ജു അഭിനയിക്കട്ടെ, സ്ഥാനാർഥിയാകാൻ ഇവിടെ വേറെ ആളുണ്ടെന്നായിരുന്നു സജിയുടെ പ്രതികരണം. ഇതേസമയം തന്നെ ചില മുതിർന്ന സംസ്ഥാന നേതാക്കൾ കൊച്ചിയിൽ മഞ്ജുവുമായി ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി. സിനിമാ മേഖലയിൽ നിന്നും മുകേഷും ഗണേഷ് കുമാറുമൊക്കെ എം.എൽ.എമാരായി രംഗത്തുള്ളപ്പോൾ സ്ത്രീപക്ഷത്തുനിന്നും ഒരാൾ വേണമെന്ന് നടിമാർക്കിടയിലും ചർച്ചയുണ്ട്. സി.പി.എമ്മിൽ നിന്നും ഇത്തരമൊരു ഓഫർ വന്നിട്ടുണ്ടെങ്കിൽ നഷ്ടപ്പെടുത്തേണ്ട എന്നാണ് മഞ്ജുവിന്റെ സുഹൃത്തുക്കളായ ചില നടിമാർ നൽകിയ ഉപദേശം.
എന്നാൽ ചെങ്ങന്നൂരുകാരനും സി.പി.എം ജില്ലാ സെക്രട്ടറിയുമായ സജി ചെറിയാൻ, മുൻ എം.പി സി.എസ്. സുജാത എന്നിവരുടെ പേരുകളും ചർച്ചകളിൽ സജീവമാണ്. 2006ൽ പി.സി വിഷ്ണുനാഥിനോട് തോറ്റ സജി ചെറിയാൻ പാർട്ടി സെക്രട്ടറി പദം അഴിച്ചുെവച്ച് പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നത് സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. 2011ലാകട്ടെ സുജാതയാണ് വിഷ്ണുനാഥിനോട് പരാജയപ്പെട്ടത്. ഇവർക്കുപുറമെ ചെങ്ങന്നൂരിലെ ചില പ്രാദേശിക നേതാക്കളുടെ പേരുകളും ഏരിയാ കമ്മിറ്റി നേതൃത്വത്തിന് നൽകിയ താൽക്കാലിക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടത്രെ.
1991 മുതലുള്ള ആറ് തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ തവണ ഒഴികെ വെന്നിക്കൊടി പാറിച്ചിട്ടുള്ള കോൺഗ്രസ് ഇത്തവണ പതിവിന് വിപരീതമായി തെരഞ്ഞടുപ്പ് ചർച്ചകൾ പോലും നേരത്തെയാക്കി. ചെങ്ങന്നൂർ സംബന്ധിച്ച് ഇതിനിടെ മൂന്നു തവണ തിരുവനന്തപുരത്തും രണ്ടു തവണ ആലപ്പുഴയിലും ചർച്ച നടന്നു. ചർച്ചയിലെല്ലാം ആദ്യമുയരുന്ന പേര് മുൻ എം.എൽ.എയും കഴിഞ്ഞ തവണ കെ.കെ. ആറിനോട് പരാജയപ്പെടുകയും ചെയ്ത യുവതുർക്കി പി.സി വിഷ്ണുനാഥിന്റെതാണ്. കടുത്ത എ പക്ഷക്കാരനായ വിഷ്ണുനാഥിന് ഉമ്മൻചാണ്ടിയുടെ പിന്തുണയുമുണ്ട്. എ പക്ഷക്കാരനും മുൻ മാവേലിക്കര എം.എൽ.എയും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ എം. മുരളിയാണ് മറ്റൊരു സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിബലായി മൽസരിച്ച മുൻ എം.എൽ.എ ശോഭനാ ജോർജിനെ തിരികെ കൊണ്ടുവന്ന് യു.ഡി.എഫ് ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ചും ചർച്ചയുണ്ടെങ്കിലും പ്രാദേശിക നേതൃത്വം അതിനോട് യോജിച്ചിട്ടില്ല.
ബി.ജെ.പി ഇത്തവണ നന്നായി വിയർക്കുമെന്നാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ലഭിക്കുന്ന സൂചന. മണ്ഡലത്തിലെ എന്നല്ല, മധ്യകേരളത്തിലെ തന്നെ ഏറ്റവും മികച്ച മൽസരം കാഴ്ചവെച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 42,682 വോട്ട് സംഘപരിവാറിന്റെ പെട്ടിയിലെത്തിച്ച ദേശീയ സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഇത്തവണ മൽസരിക്കാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചുകഴിഞ്ഞു.
പാർട്ടിക്കതീതമായി ശ്രീധരൻപിള്ളയുടെ ജനസമ്മതിയിലും വ്യക്തിപ്രഭാവത്തിലും വന്നുവീണ വോട്ട് ഇക്കുറിയും നേടാനായില്ലെങ്കിൽ ബി.ജെ.പിക്ക് അത് കടുത്ത നാണക്കേടാകും. കെ.കെ. രാമചന്ദ്രൻ നായർ 52880 വോട്ടുനേടിയാണ് വിജയിച്ചതെങ്കിൽ ശ്രീധരൻപിള്ള മൂന്നാം സ്ഥാനത്ത് എത്തിയത് പതിനായിരത്തിൽ താഴെ വോട്ടിനാണ്. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടികയിലെ ഒന്നാമൻ ശ്രീധരൻപിള്ള തന്നെ.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, സെക്രട്ടറി എം.ടി. രമേശ് തുടങ്ങിയവരും ലിസ്റ്റിലുണ്ട്. ശോഭനാ ജോർജിനെ എൻ.ഡി.എയിലെ ഘടകകക്ഷിയായ പി.സി തോമസിന്റെ കേരളാ കോൺഗ്രസിൽ എത്തിച്ച് അവരെ എൻ.ഡി.എ സ്ഥാനാർഥിയാക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. കേരള കോൺഗ്രസുകൾക്ക് മണ്ഡലത്തിലുള്ള സ്വാധീനം മുന്നിൽകണ്ടാണ് ഇത്തരമൊരു വാദമുന്നയിക്കുന്നത്. പല മുന്നണികളിലായി ചിതറിക്കിടക്കുന്ന കേരളാ കോൺഗ്രസ് കഷ്ണങ്ങൾക്കെല്ലാം കൂടി 12 മുതൽ 15 വരെ ശതമാനം വോട്ട് മണ്ഡലത്തിലുണ്ടത്രെ. അതിനാലാണ് കെ.എം മാണി മണ്ഡലത്തിൽ ഉൾപ്പെട്ട കല്ലിശേരിയിൽ പാർട്ടി യോഗം വിളിച്ച് തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് ചർച്ച ചെയ്തത്.
ക്രിസ്ത്യൻ, നായർ വിഭാഗങ്ങൾക്ക് മുൻതൂക്കമുള്ള ചെങ്ങന്നൂരിൽ പലപ്പോഴും ഈ വിഭാഗങ്ങളിൽപ്പെട്ടവരാണ് സ്ഥാനാർഥികളാകുന്നത്. ഇക്കുറിയും അതിന് മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ല. പൊതുവെ യു.ഡി.എഫ് അനുകൂല മണ്ഡലമെന്നാണ് ചെങ്ങന്നൂരിനെ വിലയിരുത്തുന്നത്. കേരള ചരിത്രത്തിലെ ആദ്യ തെരഞ്ഞെടുപ്പുമുതൽ നിലവിലുള്ള ഈ മണ്ഡലത്തിൽ ആകെ നടന്ന 15 തെരഞ്ഞെടുപ്പുകളിൽ പത്ത് തവണയും കോൺഗ്രസോ കോൺഗ്രസ് പിന്തുണച്ചവരോ ആണ് ജയിച്ച് നിയമസഭയിലെത്തിയത്.
ചെങ്ങന്നൂർ നഗരസഭയ്ക്കുപുറമെ ആല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെൺമണി, ചെന്നിത്തല, തൃപ്പെരുന്തുറ എന്നീ പഞ്ചായത്ത് പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ചെങ്ങന്നൂർ മണ്ഡലം. പഞ്ചായത്തുകളിലധികവും ഇടതു ഭരണത്തിലാണ്. രണ്ടിടത്ത് കേരളാ കോൺഗ്രസ് ഇടതുപക്ഷവുമായി ഭരണം പങ്കിടുന്നുമുണ്ട്.