Sorry, you need to enable JavaScript to visit this website.

ബാല ലൈംഗികതയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ  93,550 കണ്ടന്റ് പേജുകള്‍ ഗൂഗിള്‍ നീക്കം ചെയതു  

ന്യൂദല്‍ഹി- ഉപയോക്താക്കളില്‍ നിന്നും അടക്കം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ 93,550 കണ്ടന്റുകള്‍ ഗൂഗിള്‍ ഇന്ത്യ നീക്കം ചെയ്തു. ഓഗസ്റ്റ് മാസത്തില്‍ ലഭിച്ച 35,191 പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നീക്കം ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ നടത്തിയത്. ഗൂഗിളിന്റെ ഓഗസ്റ്റ് മാസത്തിലെ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. അതേ സമയം ഉപയോക്താക്കളുടെ പരാതി ഇല്ലാതെ തന്നെ ഗൂഗിള്‍ സ്വയം കണ്ടെത്തിയ 651933 കണ്ടന്റുകള്‍ പോളിസി ലംഘനം നടത്തിയതിന് നീക്കം ചെയ്തിട്ടുണ്ട്. മെയ് 26ന് നടപ്പിലാക്കി തുടങ്ങിയ പുതിയ ഐടി നയമാണ് ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്താന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചത്. വാട്ട്‌സ്ആപ്പും കഴിഞ്ഞ ദിവസം ഇത്തരത്തില്‍ 35 ദിവസത്തില്‍ ഇന്ത്യയിലെ 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ നിരോധിച്ചതായി വെളിപ്പെടുത്തിയിരുന്നു.
ഗൂഗിള്‍ നീക്കം ചെയ്ത കണ്ടന്റുകള്‍ എല്ലാം ഗൂഗിളിന്റെ പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിക്കപ്പെട്ട മൂന്നാം കക്ഷി കണ്ടന്റുകളാണ്. ഇവ പ്രദേശിക വ്യക്തിഗത നിയമങ്ങള്‍ അടക്കം ലംഘിക്കുന്നു എന്ന് കണ്ടതിനാലാണ് നീക്കം ചെയ്തത് എന്നാണ് ഗൂഗിള്‍ പറയുന്നത്. ചിലത് ഉടമസ്ഥാവകാശ ലംഘനം ഉള്ളത് ആരോപിച്ചുള്ള പരാതികളാണ്. ഇവയുടെ എല്ലാം മുകളില്‍ പ്രദേശിക നിയമങ്ങളും പരിശോധിച്ചാണ് നടപടി എടുത്തത് എന്നാണ് ഗൂഗിള്‍ പറയുന്നത്. നടപടി എടുത്ത കണ്ടന്റുകളുടെ എണ്ണം നോക്കിയാല്‍ 92,750 കണ്ടന്റുകള്‍ക്ക് മുകളില്‍ കോപ്പിറൈറ്റ് ലംഘനത്തിനാണ് നടപടി. ട്രേഡ് മാര്‍ക്ക് തെറ്റായി ഉപയോഗിച്ചതിന് 721 കണ്ടന്റുകള്‍ നീക്കം ചെയ്തു. വ്യാജമായി നിര്‍മ്മിച്ച കണ്ടന്റുകള്‍ കണ്ടെത്തിയതിന് 32 നടപടികള്‍ എടുത്തു. കോടതി ഉത്തരവ് പ്രകാരം 12 നടപടികളാണ് ഗൂഗിള്‍ എടുത്തത്. ലൈംഗിക ദൃശ്യങ്ങള്‍ക്ക് 12 നടപടികളും, നിയമോപദേശ പ്രകാരം 4 നടപടികളും എടുത്തു. തങ്ങളുടെ സ്വന്തം ടെക്‌നോളജി ഉപയോഗിച്ചാണ് പരാതി ഇല്ലാതെ നടപടികള്‍ എടുത്തത് എന്നാണ് ഗൂഗിള്‍ പറയുന്നത്. അതിന് അത്യാധുനിക നിരീക്ഷണ സംവിധാനം ഗൂഗിളിനുണ്ട്. വളരെ അപകടകരമായ ഉള്ളടക്കങ്ങളാണ് ഇത്തരത്തില്‍ നീക്കം ചെയ്തത് എന്ന് ഗൂഗിള്‍ പറയുന്നു. ബാല ലൈംഗികതയുടെ ദൃശ്യങ്ങള്‍, ഭീകരവാദം തുടങ്ങിയവ ഉള്‍പ്പെടുന്ന ഉള്ളടക്കങ്ങള്‍ ഇതില്‍പെടുന്നു.
 

Latest News