കൊണ്ടോട്ടി- ഭാര്യയെ കെലപ്പെടുത്തിയ കേസില്‍ പിടിയിലായ ഭര്‍ത്താവിനെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മുക്കം മലയമ്മ മുത്തലം അത്തിക്കാട്ട് മുഹമ്മദ് ഷമീറിനെയാണ് റിമാന്റ് ചെയ്തത്. പ്രതിയുമായി പോലീസ് കൊല നടന്ന വീട്ടിലും കൊലക്ക് ഉപയോഗിച്ച കയറും കത്തിയും വാങ്ങിയ ചെറൂപ്പയിലെ കടയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഷമീര്‍ ഭാര്യ ഷാക്കിറയെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തിയത്.
ഭാര്യക്ക് മറ്റുള്ളവരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലക്ക് കാരണമെന്ന് ഷമീര്‍ പോലീസിനോട് പറഞ്ഞു. തിരുവമ്പാടിയില്‍ വാടകക്ക് താമസിക്കുന്നതിനിടെ സംശയത്തെ തുടര്‍ന്ന് ഷാക്കിറയെ മുഹമ്മദ് ഷമീര്‍ കത്തിയെടുത്ത് വെട്ടിയിരുന്നു. ഈ കേസില്‍ നാല് മാസം ജയില്‍ശിക്ഷയും ഷമീര്‍ അനുഭവിച്ചിട്ടുണ്ട്. പിന്നീട് ഒത്തുതീര്‍പ്പിലൂടെ വീണ്ടും ഒരുമിച്ച് ജീവിക്കുകയായിരുന്നു.
ഭാര്യയുടെ സ്ഥിരമായുള്ള വാട്‌സ്ആപ് ചാറ്റിംഗിനെ ചൊല്ലി വഴക്ക് പതിവായിരുന്നു. ഭാര്യയുടെ ഫോണ്‍ വാങ്ങി വെച്ചതിന് തന്നെ ഒരാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിലുള്ള അരിശത്തിലാണ് ഷാക്കിറയെ കൊല്ലാന്‍ തീരുമാനിച്ചതെന്നും ഷമീര്‍ പോലീസിനോട് പറഞ്ഞു. കൃത്യം നടത്തിയ ദിവസം ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം നടന്നങ്കിലും ഇരുവരും കിടന്നു. രാത്രി ഉണര്‍ന്ന ഷമീര്‍ കാണുന്നത് കസേരയിലിരുന്ന് ഫോണില്‍ ചാറ്റ് ചെയ്യുന്ന ഷാക്കിറയേയാണ്. ഇതോടെ കോപാകുലനായ ഷമീര്‍ നേരത്തെ കരുതിയ കയര്‍ എടുത്ത് ഭാര്യയെ കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ തീരുമാനം. വാഴക്കാട് ഇന്‍സ്‌പെക്ടര്‍ കുഞ്ഞിമൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തില്‍ എസ്.ഐ നൗഫല്‍, എ.എസ്.ഐ അജിത് എന്നിവര്‍ ചേര്‍ന്നാണ് തെളിവെടുപ്പ് നടത്തിയത്.